കെജ്‌രിവാളിന്റെ അറസ്റ്റ് പ്രതിഷേധാര്‍ഹം; എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗം; ആഞ്ഞടിച്ച് പിണറായി വിജയന്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും അദേഹം ആരോപിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് സംരക്ഷണം വേണമെന്ന കേജരിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാത്രിയില്‍ ഇഡിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

അറസ്റ്റിലായ കേജരിവാളിനെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി. ചോദ്യം ചെയ്യലില്‍ കേജരിവാള്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റഡില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കി.

കേജരിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇഡി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയിട്ടുണ്ട്. കേജരിവാളിന്റെ അറസ്റ്റിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.