അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരായി

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്ക് അഭിഭാഷകർക്കൊപ്പമാണ് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കസ്റ്റംസ് അർജുൻ ആയങ്കിക്ക് നോട്ടീസ് നൽകിയിരുന്നു.

രണ്ടര കിലോയോളം സ്വർണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴി പ്രകാരം അർജുൻ ആയങ്കി ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അർജുൻ ആയങ്കി ഒളിവിലായിരുന്നു. രാവിലെ 11 മണിയ്ക്ക് കസ്റ്റംസിന് മുമ്പാകെ ഹാജരാകാനാണ് അർജുന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നത്. നിശ്ചയിച്ച സമയത്തിന് മുന്നെ തന്നെ അര്‍ജുൻ കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ എത്തി.

അര്‍ജുൻ ആയങ്കി മറ്റാർക്കെങ്കിലും വേണ്ടിയാണോ സ്വര്‍ണം കടത്തുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. സ്വർണക്കടത്തിൽ ഇടനിലക്കാരനാണെങ്കിൽ ഇടപാടിന് ആവശ്യമായ പണം എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ വിവരങ്ങൾ കസ്റ്റംസ് അന്വേഷിക്കും.

അതേസമയം മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിൽ വിട്ടുതരണമെന്നുള്ള കസ്റ്റംസ് അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഷഫീഖിനെ കസ്റ്റഡിയിൽ ലഭിച്ചാൽ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.