'അയല്‍ക്കാരുടെ അടുത്തേക്ക് പോകുന്നതിന് എന്തെങ്കിലും തടസമുണ്ടോ?'; സോളാര്‍ കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സജി ചെറിയാന്‍

സോളാര്‍ കേസിലെ പരാതിക്കാരി തന്റെ അയല്‍ക്കാരിയെന്ന് മന്ത്രി സജി ചെറിയാന്‍. കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരാതിക്കാരിയും അഭിഭാഷകനും തന്റെ അയല്‍ക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസിലെ പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി സജി ചെറിയാനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

എന്റെ അയല്‍ക്കാരി, എന്റെ നാട്ടുകാരനായ വക്കീല്‍ ഇവരൊക്കെ എന്റെ അടുത്തേയ്ക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും എന്തെങ്കിലും തടസമുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സോളാര്‍ കേസിനെപ്പറ്റി സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങള്‍ ആര്‍ക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ പറയിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളെ അയച്ചവരോട് പറയുക, ഇത് തോണ്ടിയാല്‍ പലര്‍ക്കും നാശം ഉണ്ടാകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

എന്നാല്‍ കൊല്ലം ഗസ്റ്റ് ഹൗസില്‍ പോയിട്ടില്ലെന്നും ഫെനി ബാലകൃഷ്ണനുമായി ഒരു ബന്ധവുമില്ലെന്നുമാണ് വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചത്. സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന് പിന്നില്‍ ആരോ ഉണ്ടെന്നും ഇപി കൂട്ടിച്ചേര്‍ത്തു. സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ സിപിഐഎമ്മിന് പങ്കില്ലെന്നും പുറത്ത് വന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജയരാജന്‍ പറഞ്ഞു.

സജി ചെറിയാന്‍ മാവേലിക്കര കോടതിയില്‍ വന്നപ്പോള്‍ പരാതിക്കാരിയെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും തന്റെ വീട്ടില്‍ വെച്ച് പരാതിക്കാരിയെ കണ്ടുവെന്നും ഫെനി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സജി ചെറിയാനും കേസില്‍ ഇടപെട്ടിരുന്നു. ജയരാജനെ കൊല്ലത്തെ ഗസ്റ്റ് ഹൗസില്‍ വച്ചു കണ്ടെന്നും സോളാര്‍ വിഷയം സജീവമാക്കി നിര്‍ത്തണമെന്നും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞതായുമാണ് ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചത്.