എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് എക്യുമെനിക്കൽ യോഗം അറിയിച്ചു. എൻഎസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നതാണ് സർക്കാർ തീരുമാനം.
വിഷയത്തിൽ കോടതിയിൽ പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം. ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി ക്രൈസ്തവ മാനേജുമെന്‍റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സർക്കാർ സമീപിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്.
സുപ്രിംകോടതിയിൽ നിന്ന് അനൂകൂല വിധി വരട്ടെയെന്നതാണ് സർക്കാർ നിലപാട്. ഈ തീരുമനത്തെ ആദ്യം കെസിബിസി അംഗീകരിച്ചു. ക്ലീമിസ് കാതോലിക് ബാവ മുഖ്യമന്ത്രിയെ വിളിച്ച് നന്ദി അറിയിച്ചു. ഇതോടെ പ്രശ്നം പരിഹരിച്ച് സഭകൾ ഒപ്പം നിന്നുവെന്നാണ് സർക്കാർ കരുതിയത്. എന്നാൽ ഇന്ന് പാല ബിഷപ്പ് ഹൗസിൽ ചേർന്ന വിവിധ സഭകളുടെ എക്യുമിനിക്കൽ യോഗം ഈ നീക്കം തളളുകയാണ്.
പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓർത്തഡോക്സ് സഭ അധ്യക്ഷൻ, മാർത്തോമ, യാക്കോബായ, സിറോ മലങ്കര, ക്നാനായ കത്തോലിക്ക, സിഎസ്ഐ, ക്നാനായ യാക്കോബായ, കൽദായ സഭകളുടെ ബിഷപ്പുമാർ പങ്കെടുത്തു. സർക്കാർ സുപ്രീംകോടതിയിൽ പോയാൽ വീണ്ടും നിയമവ്യവഹാരങ്ങളാൽ തീരുമാനത്തിന് കാലതാമസമുണ്ടാകുമെന്നാണ് സഭകളുടെ വാദം.







