വിമത പ്രവര്‍ത്തനം നടത്തിയതിന് എറണാകുളം ബി.ജെ.പിയില്‍ കൂട്ട അച്ചടക്കനടപടി: 15 പേരെ പുറത്താക്കി, 34 പേരെ പദവികളില്‍ നിന്ന് നീക്കി

പാര്‍ട്ടിയില്‍ വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിയുമായി എറണാകുളം ബി.ജെ.പി ജില്ലാ കോര്‍ കമ്മിറ്റി. ആകെ 49 പേർക്കെതിരെയാണ് കോർ കമ്മിറ്റി നടപടി സ്വീകരിച്ചത്. 34 പേരെ നേതൃപദവികളിൽനിന്ന്​ ഒഴിവാക്കുകയും 15 പേരെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുകയും പാർട്ടിക്കെതിരെ പ്രവർത്തിക്കുകയും ചെയ്തതിനാണ് ഇത്രയധികം പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ജില്ല പ്രസിഡൻറ് എസ്. ജയകൃഷ്ണൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പുഫലം വിലയിരുത്താൻ ചേർന്ന പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ കൈയാങ്കളിയുണ്ടായിരുന്നു.

ഇതിന് നേതൃത്വം നൽകിയവർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. വി ഫോർ തൃപ്പൂണിത്തുറ പോലുള്ള കൂട്ടായ്മകൾക്ക്​ പ്രവർത്തിച്ചവരും നടപടിക്ക്​ വിധേയരായി.

പാർട്ടി ചുമതലകളിൽ നിന്ന്​ ഒഴിവാക്കപ്പെട്ടവർ-പിറവം: പി.എച്ച്. ശൈലേഷ് കുമാർ, ടി.കെ. പ്രശാന്ത്, ഷാജി കണ്ണംകോട്ടിൽ, കെ.കെ മോഹനൻ, ജിജോ വെട്ടിക്കൽ, എ.ആർ. ഹരിദാസ്, അരുൺ ശേഖർ ഇലഞ്ഞി, ജയപ്രകാശൻ, പി.ജി. പ്രശാന്ത്, പി.എം. സുധാകരൻ. വൈപ്പിൻ- എ.ആർ. സുധി, ശ്രീക്കുട്ടൻ കോമത്ത്, മഹാദേവൻ, രമേശ്, പി.എൻ. രാജീവ്, പ്രകാശൻ, ഷിബു ചെറുപുള്ളി. തൃപ്പൂണിത്തുറ-രാമു തെക്കുംപുറം, വി.സി. പ്രിൻസ്, എം.കെ. ശ്രീവത്സൻ, കോതമംഗലം-കെ.ആർ. മനോജ്, എ.കെ. സുരേഷ്, സി.കെ. രാജൻ, പ്രവീണ വിനോദ്, സന്തോഷ് പത്മനാഭൻ. അങ്കമാലി-കെ.പി. സജീവ്, എം.ആർ. ദിനേശൻ, കെ.ജെ. ശ്രീരഞ്ജൻ. തൃക്കാക്കര-സോമൻ വളവക്കാട്, ലാൽചന്ദ്, ദേവദാസ്, അഭിലാഷ്. കൊച്ചി-ആർ.എസ്. ശ്രീകുമാർ, സാബു.

പ്രാഥമികാംഗത്വം സസ്പെൻഡ് ചെയ്യപ്പെട്ടവർ പറവൂർ -കെ.ആർ. അശോകൻ, പ്രസാദ്, ഉണ്ണി തെക്കുംപുറം. തൃപ്പൂണിത്തുറ-പി.ആർ. വിജയകുമാർ, എ.ബി. ബൈജു, രാജേന്ദ്രൻ ചെട്ടിപ്പറമ്പിൽ, സീന സുരേഷ്, പ്രഭാകരൻ. പിറവം -ദുർഗാപ്രസാദ്, അഭിമന്യു. വൈപ്പിൻ -കെ.ഡി. സരീഷ്, സീമ ബിജു, ജൂബി സാദിഖ്​, പി.ആർ. അശോകൻ, രജിത.