അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷയ്ക്ക് സ്റ്റേ; മകൾക്ക് നീതി കിട്ടണമെന്ന് ഇരയുടെ അമ്മ

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയുടെ കൊലപാതക കേസിലെ പ്രതി അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്‌തതിൽ പ്രതികരണവുമായി ഇരയുടെ അമ്മ. വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് അംഗീകരിക്കാൻ ആകില്ലെന്ന് ഇരയുടെ അമ്മ പറഞ്ഞു. ഇന്നലെയാണ് അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ശരിവച്ച ശിക്ഷയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്, അതിനാൽ ഇനി പഠനം നടത്തുന്നത് എന്തിനാണെന്ന് ഇരയുടെ അമ്മ ചോദിച്ചു. അതേസമയം അമീറുൽ ഇസ്‍ലാമിന്റെ ഹർജി സുപ്രീംകോടതി മൂന്ന് മാസത്തിന് ശേഷം പരിഗണിക്കും. കേസ് പരിഗണിക്കുന്ന 12 ആഴ്ച വരെയാണ് വധശിക്ഷയ്ക്ക് സ്റ്റേ. വധശിക്ഷ റദ്ദാക്കുന്നതില്‍ പ്രതിക്ക് അനുകൂല ഘടകങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്ന നിർദേശത്തോടെയാണ് സുപ്രീംകോടതി സ്റ്റേ. തൂക്കുകയർ വിധിക്കപ്പെട്ട കേസിലെ ഏക പ്രതി അമീറുൽ ഇസ്‍ലാമിന് വേണ്ടി പ്രൊജക്ട് 39 എ നല്‍കിയ അപ്പീലിലാണ് നടപടി.

അമീറുൽ ഇസ്‍ലാം ജയിലിൽ ചെയ്ത ജോലി, പെരുമാറ്റ രീതി എന്നിവ വിയ്യൂർ ജയിൽ സൂപ്രണ്ട് സുപ്രീംകോടതിയെ അറിയിക്കണം. എട്ടാഴ്ചയാണ് ഇതിനായി നൽകിയത്. പ്രതിയുടെ മനഃശാസ്ത്ര വിശകലനത്തിന് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണം . 39 എ പ്രൊജക്ടിന്‍റെ ഭാഗമായി വധശിക്ഷാ വിരുദ്ധ പ്രവർത്തക നൂരിയ അൻസാരിക്ക് ജയിലിൽ അമീറിനുളിനെ കാണാൻ അവസരം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരം അഭിമുഖം നടക്കുമ്പോൾ ജയിലധികൃതർ അടുത്തുണ്ടാകരുതെന്നു കോടതി ഉത്തരവിലുണ്ട്. നൂരിയ അൻസാരിക്ക് റെക്കോഡ് ചെയ്യുന്നതിലും തടസമില്ല. അമീറുൽ ഇസ്‍ലാം സമർപ്പിച്ച ഒരു അപ്പീൽ നിലനിൽക്കേ മറ്റൊരു അപ്പീലിലാണ് ഉത്തരവ്.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർഥിനിയായ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. 2016 ജൂൺ 14നാണ് പ്രതിയായ അമീറുൽ ഇസ്ലാമിനെ തമിഴ്‌നാട്- കേരള അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. 2016 സെപ്റ്റംബർ 16ന് കുറ്റപത്രം സമർപ്പിച്ച കേസിൽ 2017 മാർച്ച് 13ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. 2017 ഡിസംബർ 6ന് കേസിൽ അന്തിമവാദം പൂർത്തിയായി. 2017 ഡിസംബർ 12ന അമീറുൽ ഇസ്‌ലാമിനെ കുറ്റക്കാരനെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. 2017 ഡിസംബർ 14ന് അമീറുൽ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചു.

Read more