എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി എത്തിയത് മോഷണത്തിനെന്ന് പൊലീസ് , ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ കണ്ടെത്തലുമായി പൊലീസ്. മോഷണത്തിനായാണ് പ്രതി ആലുവയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറ‍ഞ്ഞു. പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി നിവവിലുള്ളതായും പൊലീസ് കണ്ടെത്തലുണ്ട്.

സ്ഥിരം കുറ്റവാളിയായ ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടത്. കേസിൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. രാവിലെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയെടുത്തിരുന്നു.

തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജ് മാത്രമാണ് നിലവില്‍ കേസിലെ പ്രതി. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് പ്രതി ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊണ്ടുപോയത്. സമീപവാസിയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നാട്ടുകാർ മുന്നിട്ടിറങ്ങി കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.