ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി ക്രിസ്റ്റിന്‍ കൊടും ക്രിമിനലെന്ന് പൊലീസ്. 36 കാരനായ ക്രിസ്റ്റിന്‍ തിരുവനന്തപുരം ചെങ്കല്‍ വ്‌ലാത്താങ്കര സ്വദേശിയാണ്.2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് ഇയാള്‍ നാട്ടില്‍നിന്ന് മുങ്ങിയത്. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിക്കാലം മുതലേ മോഷണക്കേസുകളില്‍ പ്രതിയായി. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം.
നാട്ടില്‍ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പകല്‍ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് ക്രിസ്റ്റിന്റെ സഞ്ചാരം.
പ്രതി ക്രിസ്റ്റിന്‍ നാട്ടില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായതായി നാട്ടുകാര്‍ വ്യക്തമാക്കി. ആലുവയില്‍ ഇയാള്‍ തങ്ങിയിരുന്നത് വ്യാജപേരിലാണ്. സതീശ് എന്ന പേരിലാണ് ഇയാള്‍ എറണാകുളത്ത് കഴിഞ്ഞിരുന്നത്. തിരുവനന്തപുരത്ത് നിരവധി കേസുകളില്‍ പ്രതിയായതോടെയാണ് ഇയാള്‍ എറണാകുളത്തേക്ക് കടന്നത്. ഇവിടെയും ഒരു കേസില്‍ ജയില്‍വാസം അനുഭവിച്ചശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന വിവരം പുറത്തറിഞ്ഞതോടെ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാനായത്. നാട്ടുകാരില്‍ നിന്ന് ലഭിച്ച സൂചനകളും സിസിടിവി ദൃശ്യങ്ങളും സഹായകമായി. ദൃക്‌സാക്ഷിയും കുട്ടിയുടെ മാതാപിതാക്കളും പ്രതിയെ തിരിച്ചറിഞ്ഞതോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഇതിനു പുറമെ പ്രതിയുടെ സ്വഭാവം അറിയുന്നതിനാല്‍ പ്രദേശത്തെ ബാറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു.
ഇതിനിടെ വസ്ത്രം മാറിയതും മൊബൈല്‍ ഓഫാക്കിയതും അന്വേഷണത്തെ ബാധിച്ചെങ്കിലും പ്രതിയുടെ സ്വഭാവം കേന്ദ്രീകരിച്ച് തന്നെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് താഴെയായി പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് വളഞ്ഞതോടെ പ്രതി പെരിയാറ്റിലേക്ക് ചാടിയെങ്കിലും ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ രക്ഷിച്ച കുട്ടി കളമശേറി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Read more
അതേസമയം, മകന്‍ ക്രിസ്റ്റിന്‍ കഞ്ചാവിനും മയക്ക്മരുന്നിനും അടിമയായിരുന്നു എന്ന് അമ്മ ജ്യോതി പറഞ്ഞു. പതിനെട്ട് വയസ് മുതല്‍ ആലുവയില്‍ കെട്ടിട നിര്‍മ്മാണ ജോലി ചെയ്തിരുന്നു. എപ്പോള്‍ മുതലാണ് മകന്‍ വഴിതെറ്റിയതെന്ന് അറിയില്ല, പലതവണ ഉപദേശിച്ചിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്ന് അമ്മ ജ്യോതി പറഞ്ഞു.