അമ്മ മരിക്കുമ്പോൾ കോവിഡ് നെഗറ്റീവ്, തെളിവായി സർട്ടിഫിക്കറ്റ്: പ്രോട്ടോക്കോൾ ലംഘിച്ച് സംസ്‌കാരം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം

കോവിഡ് ബാധ മൂലമാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവെച്ച് സംസ്‌കാരം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോൾ കോവിഡ് നെഗറ്റീവ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മരിക്കുന്നതിനു മുമ്പു തന്നെ രോഗം നെഗറ്റീവായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവായിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം നാട്ടിൽ കൊണ്ടു വരികയും സംസ്കരിക്കുകയും ചെയ്തതെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. എയിംസിൽ നടത്തിയ പരിശോധനകളുടെ ഫലം ആർക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. കോവിഡ് ബാധിച്ചതിനെ തുടർന്ന് മാതാവിന്റെ ആന്തരിക അവയവങ്ങൾ പലതിനും തകരാറുകൾ സംഭവിച്ചിരുന്നു. അതു പൂർവസ്ഥിതിയിൽ ആകാതിരുന്നതാണ് മരണകാരണം. ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ടു തന്നെ സാങ്കേതികമായി കോവി‍ഡ് ബാധിച്ചതാണ് മരണകാരണം എന്നു പറയുന്നതിൽ തെറ്റില്ലെന്നും അൽഫോൻസ് കണ്ണന്താനം വിശദീകരിച്ചു.

Kannanthanam-mother-covid-certitficate

കഴിഞ്ഞ ജൂൺ 10-നാണ് ഡൽഹി എയിംസ് ആശുപത്രിയിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്ന് മൃതദേഹം വിമാനത്തിൽ കോട്ടയം മണിമലയിലെത്തിച്ച് പൊതുദർശനത്തിനു വെച്ച ശേഷം 14-ന് സംസ്കരിക്കുകയായിരുന്നു. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചതെങ്കിലും ആളുകൾ തെറ്റിദ്ധാരണ മൂലം പേടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇത് വിശദീകരിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു.

അമ്മ കോവിഡ് ബാധിച്ച് മരിച്ച വിവരം അൽഫോൻസ് കണ്ണന്താനം മറച്ചുവെച്ചെന്നും പിന്നീട് ഒരു ഘട്ടത്തിൽ ഇതു വെളിപ്പെടുത്തിയെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തു വന്നിരുന്നു. രാജ്യത്ത് കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് കൃത്യമായ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്. ഇവിടെ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ജോമോൻ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം.

ഡൽഹിയിൽ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചയൊരാളെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വെച്ച് സംസ്‌കാരം നടത്തിയത് തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്‌കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ലെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.