മിശ്രവിവാഹം കഴിക്കാന്‍ ആഗ്രഹം അറിയിച്ച പെണ്‍കുട്ടിയെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് ആരോപണം; ചോദിക്കാന്‍ ചെന്ന ഡി.വൈ.എഫ്.ഐ നേതാവിന് കൈയേറ്റം

മിശ്രവിവാഹം കഴിക്കാന്‍ താത്പര്യമറിയിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് പരാതി.. കാമുകനായ നിസാമുദ്ദീനോടൊപ്പം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെത്തിയ യൂണിവേഴ്‌സിറ്റി സ്വദേശിനിയെയാണ് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയച്ചത്. ഒരാഴ്ച്ച മുന്‍പായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ന് കാമുകനായ നിസാമുദ്ധീനോടൊപ്പം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനില്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ഡിവൈഎഫ്‌ഐയുടെ പള്ളിക്കല്‍ ലോക്കല്‍ സെക്രട്ടറി ഹണിലാലിനെ പൊലീസ് മര്‍ദ്ദിച്ചതായാണ് പരാതി. വിവാഹകാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും, പെണ്‍കുട്ടിയുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണിലേക്ക് വിളിക്കാം എന്നുമുള്ള ഉറപ്പ് നല്‍കിയാണ് പെണ്‍കുട്ടിയെ പൊലീസ് വീട്ടിലേക്ക് തിരിച്ചയച്ചതെന്നും നിസാമുദ്ദീന്‍ പറയുന്നു

.ഒരാഴ്ച്ചയായി പെണ്‍കുട്ടി എവിടെയാണെന്നുള്ള ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ഡിവൈഎഫ്‌ഐ നേതാവിനോടൊപ്പം ഇന്ന് നിസാമുദ്ദീന്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയത്. ഹണിലാലും പൊലീസും തമ്മില്‍ നടന്ന വാക്ക് തര്‍ക്കത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.