നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. പേരുമാറ്റം ശുദ്ധ തോന്ന്യാസമാണെന്നും സൃഷ്‌ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത്, വല്ലവരും ഉണ്ടാക്കിവച്ചതിന്റെ പേര് മാറ്റുക, അല്ലെങ്കിൽ അതിനെ നശിപ്പിക്കുക എന്നത് മാത്രമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വി ടി ബൽറാം വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ഈ തീരുമാനത്തിന് കയ്യടിക്കുന്നവരുണ്ടാവും.
ചരിത്രവിഹീനരായ അത്തരക്കാർ ആ പണി ഇനിയും തുടരുമെന്നുമറിയാം.
എന്നിരുന്നാലും ഒരിന്ത്യാക്കാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം കൃത്യമായി പറയട്ടെ,
ഇത് ശുദ്ധ തോന്ന്യാസമാണ്.
സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത് വല്ലവരും ഉണ്ടാക്കിവച്ചതിന്റെ പേര് മാറ്റുക, അല്ലെങ്കിൽ അതിനെ നശിപ്പിക്കുക എന്നത് മാത്രമാണ്.
ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന്,
ഇന്ത്യൻ ജനതയുടെ ഓർമ്മകളിൽ നിന്ന്,
ഒരിക്കലും മായ്ച്ചുകളയാൻ പറ്റാത്ത ഒരു പേരാണ് ജവഹർലാൽ നെഹ്‌റു എന്നത്.’
നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി മേരാ യുവഭാരത് എന്നാണ് കേന്ദ്രസർക്കാർ പുതിയ പേര് നൽകിയിരിക്കുന്നത്. മേരാ യുവഭാരത് എന്നാണ് എൻവൈകെയുടെ വെബ്സൈറ്റിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 1972ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്റു യുവ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പേരുമാറ്റം സംബന്ധിച്ച് ഇന്നലെയാണ് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്.
ലോഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല. ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവർത്തനങ്ങളിൽ ഭാഗമാക്കുന്നതിനും വേണ്ടിയാണ് നെഹ്റു യുവ കേന്ദ്രങ്ങൾ സ്ഥാപിതമായത്. താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ് നെഹ്റു യുവ കേന്ദ്ര. അതേസമയം പേരുമാറ്റം സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.