ലുക്ക് ഔട്ട് നോട്ടീസിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനൽകുമാറിനെ ഇന്ന് കൊച്ചിയിലെത്തിക്കും. എളമക്കര പൊലീസ് മുംബൈയിൽ എത്തി സനൽകുമാറിനെ ഇന്നലെ രാത്രി കസ്‌റ്റഡിയിലെടുത്തു. നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കേരള പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
സനൽകുമാർ ശശിധരനെ കസ്‌റ്റഡിയിലെടുത്ത് ഇന്നു കൊച്ചിയിലെത്തിച്ചു കാര്യങ്ങൾ ചോദിച്ചറിയുമെന്നു പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ 4നു മുംബൈയിലെത്തിയ സനൽകുമാറിനെ പിന്നീടു തൊട്ടടുത്ത സഹാർ പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി. പിന്തുടർന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്.
സിറ്റി പൊലീസ് കമ്മിഷണർക്ക് നടി ഇ- മെയിലിൽ നൽകിയ പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ നടി പൊലീസിനു മൊഴി നൽകിയതാണ്. കേസെടുക്കുമ്പോൾ സനൽകുമാർ യുഎസിൽ ആയിരുന്നു. സനൽകുമാർ ഇന്ത്യയിൽ എത്തുമ്പോൾ കസ്‌റ്റഡിയിൽ എടുക്കാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വിമാനത്താവളത്തിൽ തടഞ്ഞത്.
നടിയെ പരാമർശിച്ചും ടാഗ് ചെയ്തും സനൽകുമാർ തുടർച്ചയായി പോസ്‌റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. നടിയെ അപകീർത്തിപ്പെടുത്തുന്ന തരം പോസ്‌റ്റുകൾ ഫെയ്‌സ്ബുക്കിൽ നിന്നു നീക്കാൻ പൊലീസ് നടപടിയെടുത്തിരുന്നു. മുൻപു സനലിനെതിരെ നൽകിയ പരാതിയിൽ കേസ് നിലനിൽക്കെ, വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടി വീണ്ടും പൊലീസിനെ സമീപിച്ചത്.
Read more
2022ൽ സനൽകുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. തടഞ്ഞ കാര്യം ഇന്നലെ സനൽകുമാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഏതു കേസിലാണ് നടപടിയെന്നു വ്യക്തതയില്ലെന്നും ഭക്ഷണമോ, വേണ്ടത്ര സൗകര്യങ്ങളോ നൽകാതെയാണ് മുംബൈയിൽ മണിക്കൂറുകൾ തടഞ്ഞുവച്ചതെന്നും സനൽകുമാർ ആരോപിച്ചു.







