അതിദാരുണം, മനുഷ്യത്വരഹിതം! വാടകയും കൊടുത്ത് അതിഥി തൊഴിലാളിയുടെ താമസം പട്ടിക്കൂട്ടിൽ

എറണാകുളം പിറവത്ത് അതിഥി തൊഴിലാളിയെ പട്ടിക്കൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് മാസം 500 രൂപ വാടക നല്‍കി പട്ടിക്കൂട്ടിൽ കഴിയുന്നത്. കയ്യിൽ പൈസ ഇല്ലാത്തതിനെ തുടർന്ന് വീടിന്‍റെ ഉടമയ്ക്ക് 500 രൂപ നൽകിയാണ് പഴയ പട്ടിക്കൂട് വാടകയ്ക്ക് നൽകിയതെന്ന് ശ്യാം സുന്ദര്‍ പറയുന്നു.

പട്ടിക്കൂടിന് സമീപത്തെ പഴയ വീട് അതിഥിത്തൊഴിലാളികൾക്കടക്കം വാടകയ്ക്ക് നൽകിയിട്ടുണ്ട്. അവർ നൽകുന്ന വാടകക്കാശ് നല്‍കാൻ കഴിയാത്തതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് വീടാക്കിയത്. പാചകവും കിടപ്പും എല്ലാം ഇതിനുളളിൽത്തന്നെയാണെന്ന് ശ്യാം സുന്ദര്‍ പറയുന്നു. നാലുചുറ്റും ഗ്രില്ലുണ്ടായിരുന്ന പട്ടിക്കൂട് കാർഡ്ബോർഡുവെച്ച് മറച്ചാണ് മഴയേയും തണുപ്പിനേയും ശ്യാം സുന്ദര്‍ ചെറുക്കുന്നത്.

കൊൽക്കത്തയിൽ നിന്ന് ആറുമണിക്കൂറുണ്ട് ശ്യാം സുന്ദറിന്‍റെ നാട്ടിലേക്ക്. സ്‌കൂളിൽ പോയിട്ടില്ല. നാല് വർഷമായി ഇയാൾ കേരളത്തിലാണ് ജീവിക്കുന്നത്. അതേസമയം, പിറവത്ത് അതിഥി തൊഴിലാളികള്‍ ഒരുപാടുണ്ടെങ്കിലും വേണ്ടത്ര താമസ സൗകര്യമില്ലെന്നും തന്‍റെ പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ 2000 രൂപക്കും 3000 രൂപക്കുമൊക്കെ താമസിക്കുന്നുണ്ടെന്നുമാണ് വീട്ടുടമ പറയുന്നത്.

കുറെ പേര്‍ വാടക നല്‍കി താമസിക്കുന്നുണ്ടെന്നും ഇയാള്‍ പട്ടിക്കൂട്ടിലാണോ താമസിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നും ഉടമയുടെ പ്രതികരണം. പൊലീസും നാട്ടുകാരും നഗരസഭ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മോശം സാഹചര്യത്തില്‍ പട്ടിക്കൂട് വാടകക്ക് നല്‍കി വീട്ടുടമയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Read more