'അബിൻ വർക്കിയുടെ വിയോജിപ്പ് വ്യക്തിപരം, നിലവിലെ യൂത്ത് കോൺഗ്രസ് യോഗ്യരായവരുടെ ടീം'; വി ഡി സതീശൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിത്വവുമായി ബന്ധപ്പെട്ട അബിൻ വർക്കിയുടെ വിയോജിപ്പ് വ്യക്തിപരമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിലവിലെ യൂത്ത് കോൺഗ്രസ് യോഗ്യരായവരുടെ ടീമാണെന്ന് പറഞ്ഞ വി ഡി സതീശൻ പുതിയ സംഘത്തിന് നിലവിലുള്ളതിനേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

അബിനെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് യോഗ്യനായതിനാലാണെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് നേതാക്കളുടെ കേസുകൾ സംബന്ധിച്ച ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. കേസുകൾ എല്ലാവർക്കും ഉണ്ടെന്നും 250 കേസുകൾ വരെ നേരിടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുണ്ട്. അതുകൊണ്ട് ആർക്കും യോഗ്യത ചോദ്യം ചെയ്യാനാവില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടമാക്കി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി ഇന്ന് രംഗത്തെത്തിയിരുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അബിൻ വർക്കി പറഞ്ഞു. കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് കോൺഗ്രസ് നേതാക്കളോട് അഭ്യർത്ഥിക്കുന്നതായും അബിൻ വർക്കി പറഞ്ഞു.

പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് ഞാൻ ഒരിക്കലും പറയില്ല. എന്നാൽ എനിക്ക് കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു താല്പര്യം. അതുകൊണ്ട് പാർട്ടി നേതാക്കളോട് അതിനുള്ള അവസരം തനിക്ക് ഉണ്ടാക്കി തരണമെന്നാണ് അഭ്യർത്ഥനയെന്നും അബിൻ വർക്കി പറഞ്ഞു. ദേശീയ സെക്രട്ടറി ആകാൻ താല്പര്യമില്ലെന്ന സൂചനയാണ് അബിൻ വർക്കി തരുന്നത്.

Read more