പി. കെ ശശി വിവാദത്തില്‍ യുവതിയെ തള്ളി എ. എ റഹീം; തരംതാഴ്ത്തല്‍ നടപടി സ്വാഭാവികം

പി.കെ ശശി എം.എല്‍.എയ്ക്ക് എതിരായി ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ  റഹീം. ഡി.വൈ.എഫ്‌.ഐയില്‍ യുവതി പരാതി നല്‍കിയിട്ടില്ല.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല. ഏതെങ്കിലും ഒരംഗത്തിന് നേതാക്കളെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് അവരുടെ ഘടകത്തിലാണ് ഉന്നയിക്കേണ്ടത്. അത് ആ ഘടകത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. തെറ്റിദ്ധാരണ മൂലമാകാം യുവതി ഇത്തരത്തില്‍ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

തരംതാഴ്ത്തല്‍ നടപടി സ്വാഭാവികമാണെന്നും റഹീം പറഞ്ഞു. ചിലരുടെ ചുമതലകളില്‍ മാറ്റം വരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.കെ ശശി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ഡി.വൈ.എഫ്.ഐയില്‍ നിന്നും ഇന്നലെ രാജിവെച്ചിരുന്നു. പാലക്കാട് ജില്ല കമ്മിറ്റി അംഗമാണ് യുവതി. പി.കെ ശശിക്കെതിരെ നിലപാടെടുത്തവരെ തരം താഴ്ത്താന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്ത സി.പി.ഐ.എമ്മിന്റെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. നവംബര്‍ 26- നാണ് ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ പി.കെ ശശിയെ സി.പി.ഐ,എം സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.