സുപ്രീംകോടതിയില്‍ മാണിയുടെ പേര് പറഞ്ഞില്ല; ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതെന്ന് എ. വിജയരാഘവന്‍

കെ.എം മാണി അഴിമതിക്കാരനെന്ന സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകൻറെ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ വിജയരാഘവന്‍. സുപ്രീംകോടതിയില്‍ കെ.എം.മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. കോടതിയിലെ കാര്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമസഭയില്‍ സമരം നടന്നത് യുഡിഎഫിന്റെ അഴിമതിക്കെതിരെയാണ്. എന്നാല്‍ കെ.എം.മാണി അഴിമതിക്കാരനല്ലന്നാണോ നിലപാട് എന്ന ചോദ്യത്തിന്  ആരോപണങ്ങളില്‍ ബന്ധമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതാണ് എന്നാണ് വിജയരാഘവന്‍ മറുപടി പറഞ്ഞത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫെന്നും അവരെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

കെ എം മാണി കേരളത്തില്‍ ദീര്‍ഘകാല രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തകനായിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫ്. ആ യുഡിഎഫിനെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ ഭാഗമായത്. മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. നല്ല നിലയിലാണ് മുന്നണിയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പരസ്പര ബഹുമാനത്തോടെയാണ് മുന്നണിയിലെ ഘടകകക്ഷികള്‍ പ്രവര്‍ത്തിക്കുന്നത്. ആശയകുഴപ്പമുണ്ടാക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അവര്‍ തെറ്റായ രൂപത്തില്‍ സൃഷ്ടിച്ച വാര്‍ത്തയാണിത്”- എ വിജയരാഘവന്‍.

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍, കെ.എം. മാണി അഴിമതിക്കാരനായിരുന്നുവെന്നാണ് പറഞ്ഞത്. അഴിമതിക്കാരനെതിരെയാണ് എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.