കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം

കോന്നി  കൊന്നപ്പാറയിൽ ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച്  ലോറി ഡ്രൈവർ മരിച്ചു.  പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്ന എംഎസ് മധുവാണ് മരിച്ചത്.ഇന്ന് രാവിലെ 7.15 ന്  കോന്നി- തണ്ണിത്തോട് റൂട്ടിൽ കൊന്നപ്പാറ വിഎൻഎസ് കോളേജിന് സമീപമാണ് സംഭവം. ലോഡ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കോന്നി ഫയർഫോഴ്സ് സ്ഥലത്ത്  എത്തി ക്രയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്. ടിപ്പറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നേരത്തെ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്നു മധു. നിലവിൽ ചെറുകിട കരാർ വർക്കുകൾ ഏറ്റെടുത്ത് നടത്തുന്നയാളാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി