ഗവര്‍ണറെ പിന്തുണച്ച സുധാകരന്‍ മതനിരപേക്ഷ കേരളത്തിന് അപമാനം;കോണ്‍ഗ്രസ് തീരുമാനത്തോട് ലീഗിന്റെ നിലപാട് എന്ത്, ചോദ്യവുമായി എഎ റഹിം

സര്‍വകലാശാല സിന്റിക്കേറ്റിലേക്കും നിയമസഭയിലേക്കും സംഘപരിവാര്‍ അംഗങ്ങള്‍ വരുന്നതില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന കെപിസിസി അധ്യക്ഷന്‍ മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം. സര്‍വകലാശാല സെനറ്റിലേയ്ക്ക് ഗവര്‍ണ്ണര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ കുത്തിനിറയ്ക്കുന്നത് സിന്‍ഡിക്കേറ്റ് ലക്ഷ്യം വച്ചാണ്. സര്‍വകലാശാലകളെ വര്‍ഗീയവല്‍ക്കരിക്കുകയാണ് ലക്ഷ്യം.

കെ സുധാകരന്‍ പണ്ട് ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍നില്ക്കാന്‍ കോണ്‍ഗ്രസുകാരെ പറഞ്ഞുവിട്ട ആളാണ്. തനിക്ക് തോന്നിയാല്‍ ബിജെപിയിലേക്ക് പോകും എന്നും പറഞ്ഞിട്ടുണ്ട്. അത്‌കൊണ്ട് കെ സുധാകരന്‍ ഇന്ന് നടത്തിയ സംഘപരിവാര്‍ അനുകൂല പ്രസ്താവനയില്‍ ഒരു ഞെട്ടലുമില്ല.

ആദ്യം പറഞ്ഞ രണ്ടും പോലല്ല ഇപ്പോഴത്തെ കാര്യം.അതില്‍ തികച്ചും നയപരമായ ഒരു ഭാഗമുണ്ട്.കേരളത്തിലെ സര്‍വകലാശാല സെനറ്റുകളില്‍ ആര്‍എസ്എസ്‌കാരെ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും ചാന്‍സിലര്‍ ശുപാര്‍ശ ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല എന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.
അത് കോണ്‍ഗ്രസ്സിന്റെ നയപരമായ പ്രഖ്യാപനമാണ്. കോണ്‍ഗ്രസ്സിന്റെ ഈ നയത്തോട് ലീഗിന്റെ നിലപാട് എന്താണെന്ന് എഎ റഹിം ചോദിച്ചു.

അതേസമയം,സംഘപരിവാറിനെ പിന്തുണച്ചും ഗവര്‍ണറെ ന്യായീകരിച്ചുമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വെട്ടിലായിട്ടുണ്ട്.
സെനറ്റിലും സിന്‍ഡിക്കേറ്റിലും സംഘപരിവാര്‍ അനുകൂലികളെ നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. സംഘപരിവാര്‍ മാത്രമായത് കൊണ്ട് എതിര്‍ക്കില്ല. അവരും ജനാധിപത്യത്തിലെ ഒരു പാര്‍ട്ടിയല്ലേയെന്നും സുധാകരന്‍ ഡല്‍ഹിയില്‍ ചോദിച്ചു.

സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതില്‍ എന്താണ് തടസ്സം. സംഘപരിവാറിന്റെ ആളുകളെ മാത്രം വെച്ച് പോകുന്നുവെങ്കില്‍ നമുക്ക് വിമര്‍ശിക്കാം. അവരില്‍ കൊള്ളാവുന്നവരുണ്ടെങ്കില്‍ അവരെ വയ്ക്കുന്നതിനെ ഞങ്ങള്‍ എങ്ങനെയാണ് എതിര്‍ക്കുക. കോണ്‍ഗ്രസിനകത്ത് എല്ലാവരെയും വയ്ക്കാന്‍ സാധിക്കില്ല, പക്ഷെ കൊള്ളാവുന്നവരെ വയ്ക്കുമ്പോള്‍ സന്തോഷമാണ്, ഞങ്ങള്‍ അത് സ്വീകരിക്കും. ഗവര്‍ണറുടെ ഉത്തരവാദിത്വത്തെ പിന്തുണയ്ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാര്‍ ബന്ധമുള്ളവരെ തെരഞ്ഞെടക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ സുധാകരന്റെ ഗവര്‍ണര്‍ അനുകൂല പരാമര്‍ശം. സംഘപരിവാര്‍ അനുകൂലികളും ജനാധിപത്ത്യത്തിന്റെ ഭാഗമാണെന്നും സംഘപരിവാര്‍ മാത്രമായതുകൊണ്ട് എതിര്‍ക്കില്ല എന്നും കെ സുധാകരന്‍ പറഞ്ഞു.