'ഭൂരിപക്ഷ സമുദായത്തിന് ഇടം നല്‍കാത്തത് ജനാധിപത്യമല്ല'; അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

കോന്നി സീറ്റിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതാധിപത്യം വളര്‍ത്തുന്ന അടൂര്‍ പ്രകാശിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിന്‍ പീറ്ററിന്റെ പേരാണ് അടൂര്‍ പ്രകാശ് നിര്‍ദേശിച്ചത്. ഡിസിസിയാകട്ടെ ഈ പേര് തള്ളി ഒരു ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടിലുമാണ്.

ഈഴവവിഭാഗത്തില്‍ നിന്നുള്ളയാള്‍ക്ക് പകരം മറ്റൊരു പേര് നിര്‍ദേശിച്ചതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും ഭൂരിപക്ഷ സമുദായത്തിന് ഇടം നല്‍കാത്തത് ജനാധിപത്യമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അടൂര്‍ പ്രകാശ് കുലംകുത്തിയെ പോലെയാണ്. കപട മതേതരവാദിയുമാണ്. സ്വന്തം കാര്യം വരുമ്പോള്‍ മതേതരത്വം മടിയില്‍ വെയ്ക്കുന്നയാളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി