'വിവാഹത്തിനുള്ള രേഖകള്‍ ജിനു സൂത്രത്തില്‍ സംഘടിപ്പിച്ചു'; നവവധുവിന്റെ മരണത്തില്‍ ദുരൂഹത

കോഴിക്കോട് ബാലുശ്ശേരിയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജ ലക്ഷ്മി(18)യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. തേജ ലക്ഷ്മി അനങ്ങുന്നില്ലെന്ന് രാവിലെ ഭര്‍ത്താവ് ജിനു പറയുമ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ജനല്‍കമ്പിയില്‍ കുരുക്കിട്ട് കെട്ടിയ നിലയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു.

ഫെബ്രവരി ഒമ്പതിനായിരുന്നു തേജ ലക്ഷ്മിയുടേയും, ബാലുശേരി ഇയ്യാട്ട് സ്വദേശി ജിനുവിന്റേയും വിവാഹം നടന്നത്. അതേസമയം തേജയുടെ ബന്ധുക്കളുടെ അറിവോടെയല്ല വിവാഹം നടന്നതെന്നാണ് വിവരം. കോഴിക്കോട് ആര്യ സമാജത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. തേജയെ അതേ ദിവസം വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ജിനുവിന്റെ വീട്ടിലേക്കാണ് ഇവര്‍ തിരികെ പോയത്.

തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്‌സിന് ചേര്‍ന്നിരുന്നു. തേജയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജിനു സൂത്രത്തില്‍ കൈക്കലാക്കിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ബാലുശേരി അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

തേജ മരിച്ച് കിടന്ന മുറിയില്‍ വിരലടയാള വിദഗദ്ധര്‍ അടക്കമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ട തേജയെ അഴിച്ച് കട്ടിലില്‍ കിടത്തിയെന്നാണ് ജിനുവിന്റെ മൊഴി.

Read more

തേജയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാവുകയുള്ളു.