'വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമല്ല'; ഹൈക്കോടതി

വിവാഹ സമയത്ത് വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനം ആകില്ലെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ സ്ത്രീധന നിരോധന നിയമത്തിന്റ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലത്തെ സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം.ആര്‍. അനിത ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹത്തിന് മാതാപിതാക്കള്‍ നല്‍കിയ 55 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ കൈവശമാണ്. അത് തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് വിഷ്ണുവിന്റെ ഭാര്യ സ്ത്രീധന കേസുകളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫീസർക്ക് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഭാര്യയുടെ ആഭരണങ്ങള്‍ തിരികെ നല്‍കാന്‍ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടു. തുടര്‍ന്ന് ആഭരണങ്ങള്‍ സ്ത്രീധനമല്ല അതുകൊണ്ട് ഉത്തരവ് നല്‍കാന്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിവാഹ സമയത്ത് വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ വേറെ ആരെങ്കിലും കൈപ്പറ്റിയതായി തെളിഞ്ഞാല്‍ മാത്രമേ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ഇടപെടാനാകൂ എന്ന് കോടതി വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ അത് പരിശോധിക്കാനും കക്ഷികളില്‍ നിന്നു തെളിവെടുത്ത് അന്വേഷണം നടത്തുവാനും സ്ത്രീധന നിരോധന ഓഫീസര്‍ക്കു ബാദ്ധ്യതയുണ്ട്. സമ്മാനങ്ങള്‍ കൈപ്പറ്റിയതു വേറെ ആരെങ്കിലുമാണ് എന്ന് കണ്ടാല്‍ ഓഫീസര്‍ക്ക് ഇടപെടാമെന്നും കോടതി പറഞ്ഞു. സമ്മാനങ്ങള്‍ വധുവിനു കൈമാറിയിട്ടില്ലെന്നു ബോദ്ധ്യപ്പെട്ടാല്‍ അത് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കാമെന്നും കോടതി അറിയിച്ചു.

പരാതിയില്‍ പറഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ സ്ത്രീധനമാണോ എന്ന് ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവില്‍ വ്യക്തമല്ലെന്ന് കോടതി വിലയിരുത്തി. ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാര്‍ നല്‍കിയ മാലയും തിരിച്ചു നല്‍കാമെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഹര്‍ജി ഒത്തു തീര്‍പ്പാക്കി.