'യജമാന പ്രീതിക്കായാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത്'; ലക്ഷ്യമിട്ടത് ഗവർണറേക്കാള്‍ വലിയ പദവിയെന്ന് എം.വി ജയരാജന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണറേക്കാള്‍ വലിയ പദവിയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അത് പാളിപ്പോയി. യജമാന പ്രീതിക്കായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ആര് ഗവര്‍ണറായി വന്നാലും അവര്‍ സംഘപരിവാറിന്റെ രാഷ്ട്രീയ ചട്ടുകമാവും.ഗവര്‍ണര്‍ വിവാദ നായകനാണെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല ഏതെങ്കിലും തരത്തില്‍ തെറ്റായ നടപടികള്‍ സ്വീകരിച്ചെന്ന് ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. പാലക്കാട് ഷാജഹാന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വിവാദത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ ആര്‍എസ്എസ് നടത്തുന്നത് വ്യാജപ്രചരണമാണ്.

കൊലപാതകത്തിന് ശേഷം വ്യാജ പ്രചരണം നടത്തുന്നത് കൊലയേക്കാള്‍ ക്രൂരമാണ്. ഹരിദാസനെ കൊലപ്പെടുത്തിയപ്പോള്‍ കുടുംബ തര്‍ക്കം എന്നാണ് ആര്‍എസ്എസ് വിശേഷിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആര്‍എസ്എസിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ചാന്‍സലര്‍ ആയ തന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. ഗുരുതര ചട്ടലംഘനമാണ് നടക്കുന്നത്. ചാന്‍സലറുടെ അധികാരം തനിക്ക് ഉള്ള കാലത്തോളം ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.