'സൈബര്‍ ആക്രമണം നടത്താന്‍ ഓണ്‍ലൈന്‍ ചാനലിന് 50,000 രൂപ നല്‍കി'; എല്‍ദോസ് ഒളിവിലിരുന്ന് കുപ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് പരാതിക്കാരി

എല്‍ദോസ് കുന്നപ്പിള്ളി സോഷ്യല്‍ മീഡിയിലൂടെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പരാതിക്കാരി. ഓണ്‍ലൈന്‍ ചാനലിന് 50,000 നല്‍കി ഒളിവിലിരുന്ന് എല്‍ദോസ് തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ പടച്ചുവിടുകയാണ്. തന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നതിന് ് പിന്നില്‍ എംഎല്‍എയാണെന്നും പരാതിക്കാരി പറഞ്ഞു. ഇത് സംബന്ധിച്ച തെളിവുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ ഉടന്‍ തന്നെ പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

അതേസമയം, പരാതിക്കാരിയുടെ വീട് പരിശോധിച്ചപ്പോള്‍ എല്‍ദോസിന്റെ വസ്ത്രങ്ങള്‍ അന്വേഷണം സംഘം കണ്ടെത്തി. എല്‍ദോസ് ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.

പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ പ്രതി ചേര്‍ത്തതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്ന് പരാതിക്കാരിയായ അധ്യാപിക കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബര്‍ സെല്ലിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് അരീക്കല്‍, പെരുമ്പാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍ദോസ് ചിറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.