'ഏഴ് വര്‍ഷത്തിനിടെ മാലിന്യ സംസ്‌കരണത്തിന് ചെലവാക്കിയത് 31 കോടി, കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല'; പുതിയ ടെന്‍ഡര്‍ വിളിച്ചെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍

ഏഴ് വര്‍ഷത്തിനിടെ മാലിന്യ സംസ്‌കരണത്തിന് 31 കോടി രുപ ചെലവാക്കിയെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍. ബ്രഹ്‌മപുരത്ത് കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ബ്രഹ്‌മപുരത്ത് പുതിയ ടെന്‍ഡര്‍ വിളിച്ചെന്നും കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ടെന്‍ഡറിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. കടമ്പ്രയാറിലെയും, സമീപപ്രദേശത്തെ ഭൂഗര്‍ഭജലത്തിന്റെയും ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 24 മണിക്കൂറിനകം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താനാണ് നിര്‍ദേശം. കൊച്ചിയില്‍ കൂടുതല്‍ വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വേ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേയുടെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തുകയാണ്. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്താനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.