ശബരിമലയില്‍ എത്തുന്ന ഭക്തര്‍ അപ്പവും അരവണയും വാങ്ങുന്നില്ല!; നടവരവില്‍ 20 കോടിയുടെ കുറവ്; ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി; വന്‍ പ്രതിസന്ധി

ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നെങ്കിലും നടവരവില്‍ കോടികളുടെ കുറവ്. ഇതുവരെ 20 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസം തരിക്ക് അനിയന്ത്രിതമായിരുന്നെങ്കിലും ഭക്തരുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തിന്റെ കുറവാണ് ഉണ്ടായത്.

ഭക്തര്‍ മുന്‍വര്‍ഷത്തെ പോലെ അരവണയും അപ്പവും വാങ്ങാതിരിക്കുന്നതാണ് നടവരവിന്റെ പ്രതീക്ഷയെ തിരിച്ചടിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. ഇക്കുറി അരവണയുടെ വരവ് 61.91 കോടി മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 73.75 കോടിയായിരുന്നു. 11.84 കോടി രൂപയുടെ വ്യത്യാസമാണ് അരവണയുടെ വരവില്‍ മാത്രം ഉണ്ടായത്.

ഇക്കുറി അപ്പം വിറ്റുവരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യം ഇത് 9.43 കോടി രൂപയായിരുന്നു. 44.49 ലക്ഷം രൂപയുടെ വ്യത്യാസമാണ് അപ്പം വിറ്റുവരവിലുണ്ടായത്. 41.80 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. 4.65 കോടി രൂപയുടെ വ്യത്യാസമാണ് കാണിക്ക വരവില്‍ ഉണ്ടായിരിക്കുന്നത്. ശബരിമല സീസണെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന തിരുവിതാകൂര്‍ ദേവസ്വഗ ബോര്‍ഡിന് നടവരവ് കുറയുന്നത് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

അതേസമയം, ശബരിമലയില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ഭക്തരുടെ 300 പരാതികള്‍ ഹൈക്കോടതി രജിസ്ട്രിക്ക് ലഭിച്ചുവെന്ന് ദേവസ്വം ബെഞ്ച്. ഇ-മെയിലിലൂടെയാണ് പരാതികള്‍ ലഭിച്ചതെന്നു കോടതി വ്യക്തമാക്കി. പലതും ചീഫ് ജസ്റ്റിസിനു ലഭിച്ച പരാതിയാണെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പതിനെട്ടാം പടിക്കും ത്രിവേണി പാലത്തിനും സമീപം ഭക്തര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ റിപ്പോര്‍ട്ട് നല്‍കണം.

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. എരുമേലിയില്‍ സ്വകാര്യ പാര്‍ക്കിങ്ങിന് ഇരട്ടി നിരക്ക് ഈടാക്കുന്നുവെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചു. അധിക പാര്‍ക്കിങ് നിരക്ക് ഈടാക്കുന്നതില്‍ എരുമേലി ഗ്രാമപഞ്ചായത്ത് വിശദീകരണം നല്‍കണം.

എരുമേലിയില്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണം. വിശദീകരണം ബോധിപ്പിക്കുന്നതിന് എരുമേലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തു. പാര്‍ക്കിങ്ങിന് ആറ് ഇടത്താവളങ്ങള്‍ കൂടി തയാറാക്കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു.