Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:45 PM IST
National

‘ബിജെപിക്കോ സർക്കാരിനോ പങ്കില്ല’; മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിലെ ‘ശുദ്ധീകരണ’ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത

ന്യൂസ് ഡെസ്ക് 30 August 2026, 11:03 am
SHARE

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച ഹൽദ്വാനി രാംലീല മൈതാനത്ത് നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത. ചടങ്ങിൽ ബിജെപിക്കോ ഉത്തരാഖണ്ഡ് സർക്കാരിനോ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു സംഘടനയുടെ നിയന്ത്രണത്തിലുള്ള മൈതാനത്ത് റാലിക്കിടെ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്നാണ് ശുദ്ധീകരണ ചടങ്ങ് നടത്തിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഖാർഗെയുടെ റാലിക്ക് ശേഷം മൈതാനത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. പതിവായി പൂജകളും യാഗങ്ങളും നടക്കുന്ന സ്ഥലമായതിനാൽ ശുചീകരണത്തിന്റെയും ശുദ്ധീകരണത്തിന്റെയും ഭാഗമായി ചടങ്ങ് നടത്താൻ പ്രാദേശിക സംഘടന തീരുമാനിക്കുകയായിരുന്നു. ‘ശ്രീരാം സേന ധാർമിക് സേവാ ട്രസ്റ്റ്’ ആണ് ചടങ്ങിന് പിന്നിലെന്നും ഇത്തരം നടപടികളെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്നും താംത പറഞ്ഞു. രാംലീല മൈതാനങ്ങളിൽ രാഷ്ട്രീയ പരിപാടികൾക്കും സമ്മേളനങ്ങൾക്കും ശേഷം പൂജകളും ശുദ്ധീകരണ ചടങ്ങുകളും നടത്തുന്നത് പതിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദളിത് വിഭാഗത്തിൽപ്പെട്ട മുതിർന്ന നേതാവായ ഖാർഗെയെ അപമാനിക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ആരോപണങ്ങൾ താംത തള്ളി. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്നും വിഷയം ജാതീയമായി തിരിച്ചുവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →