കപ്പ് കൊടുക്കാന്‍ യോഗമില്ലാതെ നഖ്വി വീണ്ടും; ‘ട്രോഫി കള്ളന്’ വിളികളുമായി ഗ്യാലറി; കഴിഞ്ഞ കൊല്ലം സൂര്യകുമാറും സംഘവും ചെയ്തത് ആവര്‍ത്തിച്ച് ഹര്‍മനും പെണ്പിള്ളേരും
2025 ഏഷ്യകപ്പില് ട്രോഫി പ്രസന്റേഷനില്‍ സൂര്യകുമാര്‍ യാദവും ടീം ചെയ്തത് പോലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്മാന് കൂടിയായ പാകിസ്ഥാന് മന്ത്രി മൊഹ്സിന്‍ നഖ്വിയില്നിന്നു കിരീടം സ്വീകരിക്കാന്‍ തയ്യാറാകാതെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഏഷ്യാ കപ്പ് ട്രോഫി വിതരണത്തില്‍ നടന്നത് കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനമാണ്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ വനിതകള്‍ ഏഷ്യ കപ്പ് ജേതാക്കളായത്. എട്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ചാംപ്യന്മാരാകുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകള്‍ക്കായി താരങ്ങള്‍ ഗ്രൗണ്ടിലേക്ക് തിരിച്ചുവന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മേജര്‍ കിരീടങ്ങളാണ് നഖ്വി ചെയര്മാന് സ്ഥാനത്തെത്തിയതിന് പിന്നാലെ സമ്മാനദാനത്തിന് അഴസരമില്ലാതെ നാണക്കേടായി മാറുന്നത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ നഖ്വിക്കു നേരെ ‘ട്രോഫി ചോര്‍ (ട്രോഫി കള്ളന്)’ എന്ന് വിളിച്ചുകൂവുകയും ചെയ്തതോടെ ആര്‍ക്കും മുഖം കൊടുക്കാതെ നഖ്വി, അതിവേഗം ഗ്രൗണ്ട് വിടുന്നതും ഇന്നലത്തെ മാച്ച് ദൃശ്യങ്ങളില്‍ കാണാം.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മേധാവിയും ആഭ്യന്തര മന്ത്രിയുമായ നഖ്വിയില് നിന്ന് ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും സ്വീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പുരുഷ ടീമും വിസമ്മതിച്ചിരുന്നു. അന്ന് ട്രോഫിയും കയ്യില്‍ പിടിച്ചാണ് നഖ്വി ഗ്രൗണ്ട് വിട്ടത്. ഇത് സൂചിപ്പിച്ചാണ് കാണികള്‍ ‘ട്രോഫി ചോര്‍’ വിളി നടത്തിയത്. എന്നാല്‍ ഇത്തവണ ട്രോഫി, പോഡിയത്തില്‍ വയ്ക്കാതിരുന്നതിനാല്‍ നഖ്വി ‘വെറുംകയ്യോടെ’ ആണ് മടങ്ങിയത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായിട്ടും മേജര്‍ ട്രോഫികള്‍ സമ്മാനിക്കാന്‍ അവസരം കിട്ടാതെ പോഡിയത്തില്‍ നാണംകെടുന്നത് തുടര്‍ക്കഥയായതോടെ നഖ് വി ദുബായിയിലെ ഗ്രൗണ്ടില്‍ നിന്നും അതിവേഗമാണ് പുറത്തേക്ക് പിന്‍വാങ്ങിയത്.ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചാമരി അത്തപ്പത്തുവിന് റണ്ണറപ്പ് അവാര്‍ഡ് നല്കിയ ഉടന്‍ തന്നെ നഖ്വി സ്റ്റേഡിയം വിട്ടു.
കഴിഞ്ഞ വര്‍ഷത്തെ പഹല്‍ഗാം ഭീകരാക്രമണത്തിനും അതിനെത്തുടര്‍ന്നുണ്ടായ ‘ഓപ്പറേഷന് സിന്ദൂര്‍’ സൈനിക നടപടിക്കും ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കളിക്കളത്തിലെ നയതന്ത്രം പോലും ഇല്ലാതായത്. ഐസിസിയോ എസിസിയോ നടത്തുന്ന മത്സരങ്ങളില്‍ ഇരു ടീമിലെയും (പുരുഷ-വനിതാ) താരങ്ങള്‍ ഇപ്പോള്‍ പരസ്പരം കൈ കൊടുക്കാതിരിക്കാനുള്ള ‘നോ-ഹാന്‍ഡ്ഷെയ്ക്’ പ്രോട്ടോക്കോളും പിന്തുടരുന്നുണ്ട്. മൊഹ്സിന്‍ നഖ്വി ചടങ്ങില്‍ പങ്കെടുത്താല്‍ ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ എസിസി ഭാരവാഹികളെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
2025ലെ പുരുഷ ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യന്‍ ടീമിന് വെറും കൈയ്യോടെ മടങ്ങേണ്ടി വന്നിരുന്നു. അന്ന് ഇന്ത്യന്‍ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില് നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതോടെ നഖ്വി ട്രോഫിയുമായി സ്റ്റേഡിയം വിടുകയായിരുന്നു. അന്ന് ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യന്‍ ടീമിന് ട്രോഫി നല്‍കാനായി മൊഹ്സിന്‍ നഖ്വി അരമണിക്കൂറോളം വേദിയില്‍ കാത്തുനിന്നിരുന്നു. എന്നാല്‍ സൂര്യകുമാറും സഹതാരങ്ങളും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചു. മറ്റൊരു എസിസി ഉദ്യോഗസ്ഥനില്‍ നിന്ന് ട്രോഫി സ്വീകരിക്കാനായിരുന്നു ഇന്ത്യന്‍ ടീം ആഗ്രഹിച്ചത്. സംഭവത്തില്‍ പ്രകോപിതനായ നഖ്വി ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയും ട്രോഫിയുമായി തന്റെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയും ചെയ്തു.
അന്ന് ട്രോഫി ഇല്ലാതെ തന്നെ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വേദിയില്‍ വിജയാഘോഷം നടത്തി ‘സാങ്കല്പിക ട്രോഫി’ ഏറ്റുവാങ്ങുകയും ആഘോഷിച്ചു. എന്നാല്‍ ഇത്തവണ, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ഇന്ത്യന്‍ താരം നന്ദിനി ശര്‍മയ്ക്ക് ടീമിനുള്ളിലെ മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ സമ്മാനിച്ചതിന് ശേഷം ഇന്ത്യന്‍ വനിതാ ടീം അംഗങ്ങള്‍ ഗ്രൗണ്ടിലേക്ക് മടങ്ങിവരാന്‍ പോലും കൂട്ടാക്കിയില്ല. ഇതോടെയാണ് വാലിന് തീപിടിച്ചത് പോലെ നഖ് വി ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കടന്നത്.
മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി
‘വിജയ് യുകെയിൽ പോയത് സുഹൃത്തിന്റെ കാർ റേസിംഗ് കാണാൻ’ വിമർശനവുമായി ഡിഎംകെ; സുഹൃത്തിനെ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്ന് ടിവികെ നേതാക്കൾ