'വിക്ര'ത്തെയും വിജയ് ചിത്രങ്ങളെയും പിന്നിലാക്കി 'പൊന്നിയിന്‍ സെല്‍വന്‍'; തമിഴ്‌നാട്ടില്‍ പുതിയ ചരിത്രം കുറിച്ച് സിനിമ

പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 1’. തമിഴ്‌നാട്ടില്‍ ഒരാഴ്ച കൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍ ഇപ്പോള്‍. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം ‘സര്‍ക്കാര്‍’, ‘ബിഗില്‍’, ‘വിക്രം’ എന്നീ സിനിമകളെയാണ് മറികടന്നിരിക്കുന്നത്.

ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടിയില്‍ ഏറെ ഗ്രോസ് നേടിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 128 കോടിയാണ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാര്‍ തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും ആദ്യ വാര നേടിയത് 102 കോടിയാണ്. സിനിട്രാക്കിന്റെ കണക്കാണ് ഇത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലാണ് മണിരത്‌നം സിനിമയാക്കിയത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്.

വിക്രം, ഐശ്വര്യ റായ്, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, വിക്രം പ്രഭു, ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍, ശോഭിത ധൂലിപാല, ബാബു ആന്റണി, റിയാസ് ഖാന്‍ തുടങ്ങി വിവിധ ഭാഷകളിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.