'നേതൃത്വത്തില്‍ ക്രമക്കേടുകള്‍'; രാധാ രവിക്ക് എതിരെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിന്മയി

രാധാ രവിക്കെതിരെ തമിഴ്‌നാട് ഡബ്ബിംഗ് യൂണിയന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി. രാമരാജ്യം എന്ന പേരിലാണ് ചിന്മയിയും മത്സരിക്കുന്നത്. ജനുവരി 30-നാണ് താന്‍ മത്സരിക്കുന്ന വിവരം ചിന്മയി പ്രഖ്യാപിച്ചത്.

രാധാ രവിക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഡബ്ബിംഗ് യൂണിയനില്‍ നിന്നും ചിന്മയിയെ പുറത്താക്കിയിരുന്നു. കോടതിയെ സമീപിച്ച് പുറത്താക്കിയ തീരുമാനം ചിന്മയി  തടഞ്ഞിരുന്നു. ഡബ്ബിംഗ് യൂണിയന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ചിന്മയിയുടെ പേര് നീക്കം ചെയ്തതാണ്.

കഠിന പരിശ്രമം നടത്തിയാണ് വോട്ടര്‍പട്ടികയില്‍ തന്റെ പേര് പിന്നീട് ഉള്‍പ്പെടുത്തിയതെന്ന് ചിന്മയി പറഞ്ഞു. ചലച്ചിത്ര ഗാനരചയിതാവായ വൈരമുത്തുവിനെതിരെയും ചിന്മയി മീടൂ ആരോപണം ഉന്നയിച്ചിരുന്നു.