നാല് ദിവസങ്ങൾ കൊണ്ട് 55 കോടി; മൗത്ത് പബ്ലിസിറ്റി രക്ഷിച്ചോ 'മാർക്ക് ആന്റണി'യെ?

വിശാലിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ്  ‘മാർക്ക് ആന്റണി’.  വളരെ വ്യത്യസ്തമായ ട്രെയിലറിലൂടെ റിലീസിന് മുൻപ് തന്നെ ചിത്രം സിനിമാ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. സയൻസ് ഫിക്ഷൻ- ബ്ലാക്ക് കോമഡി ജോണറിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. വിശാലിനെ കൂടാതെ എസ്.ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലായിടത്തുനിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റിയാണ് അതിലേറ്റവും മുന്നിട്ട് നിൽക്കുന്നത്.

നാല് ദിവസങ്ങൾ കൊണ്ട് തമിഴ്നാട്ടിൽ നിന്നു മാത്രം 34 കോടി രൂപയാണ് ചിത്രം നേടിയത്. കൂടാതെ കേരളം, കർണാടകം തുടങ്ങീ സംസ്ഥാനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒൺലി കോളിവുഡ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നാല് ദിവസം കൊണ്ട് വേൾഡ് വൈഡ് കളക്ഷനായി 55 കോടി രൂപയാണ് ചിത്രം നേടിയത്.

നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വിശാലിന് ഇത്തരം മികച്ചൊരു ഓപ്പണിങ്ങ് കിട്ടുന്നത്. 2018 ൽ പുറത്തിറങ്ങിയ ഇരുമ്പ് തിരൈ ആയിരുന്നു അവസാനമായി വിശാലിന്റെ മികച്ച വിജയം നേടിയ ചിത്രം. വിനോദ് കുമാർ നിർമ്മിച്ച ചിത്രത്തിൽ ജി. വി പ്രകാശ്കുമാറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

Read more