ഷാറൂഖിന്റ സിനിമകള്‍ പരാജയപ്പെടാന്‍ ആഗ്രഹിച്ചിരുന്നു; പക്ഷേ ഹിറ്റായത് തന്നെ ഞെട്ടിച്ചു, തുറന്ന് പറഞ്ഞ് ഗൗരിഖാന്‍

ബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാന്റെ സിനിമകള്‍ പരാജയപ്പെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി ഭാര്യ ഗൗരി ഖാന്‍. താരത്തിന്റെ തുടക്ക കാലത്ത് സിനിമ ഉപേക്ഷിച്ച് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ചിരുന്നതായും ഗൗരി ഖാന്‍ പറഞ്ഞു. അതേ സമയം ഇപ്പോള്‍ ഷാരൂഖിന്റെ വിജയത്തില്‍ ഏറെ അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും താനാണെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.

തുടക്ക കാലത്ത് ഷാറൂഖ് ഖാന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതിന് കാരണം മുംബൈ തനിക്ക് ഇഷ്ടമായിരുന്നില്ല. ഷാരൂഖ് എപ്പോഴാണ് ഒരു താരമായതെന്ന് പോലും തനിക്കറിയില്ലെന്നും ആദ്യം മുംബൈയിലേക്ക് വന്നതും പിന്നീട് ചിത്രങ്ങള്‍ ഹിറ്റായതും തന്നെ ഞെട്ടിച്ചുവെന്നും ഗൗരി ഖാന്‍ പറഞ്ഞു.

സിനിമകള്‍ വിജയിക്കുക എളുപ്പമായിരുന്നില്ല. ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ ഡല്‍ഹയിലേക്ക് തിരികെ പോകാമെന്നും വിചാരിച്ചു. അതിന് കാരണം അന്ന് വളരെ ചെറുപ്പമായിരുന്നു. 21ാം വയസിലാണ് താന്‍ വിവാഹിതയായത്. സിനിമയും അതിന് ചുറ്റുമുള്ള ലോകവും തന്നെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു. അതിനാലാണ് ഷാരൂഖ് ചിത്രങ്ങള്‍ പരാജയപ്പെടണമെന്ന് ചിന്തിച്ചതെന്നും ഗൗരി ഖാന്‍ വ്യക്തമാക്കി.