ബ്രിട്നി സ്പിയേഴ്സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാകുന്നു; റെക്കോഡുകള്‍ തകര്‍ത്ത് കരാര്‍, കിട്ടിയത് 112 കോടി രൂപ

പോപ്പ് താരം ബ്രിട്‌നി സ്പിയേഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തിലെത്തുന്നു. പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ 112.13 കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിക്കുകയായിരുന്നു. 2017-ല്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന് ഒന്നിലധികം പുസ്തകങ്ങള്‍ എഴുതിയതിനുവേണ്ടി 485 കോടി രൂപയുടെ കരാറില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും ഒപ്പുവെച്ചതിനുശേഷമുള്ള ഏറ്റവും വലിയ കരാറാണിത്.

പ്രശസ്തിയിലേക്കുള്ള താരത്തിന്റെ ഉയര്‍ച്ച, കുടുംബവുമായുള്ള ബന്ധം, ഒരു ദശാബ്ദത്തിലേറെയായി കണ്‍സര്‍വേറ്റര്‍ഷിപ്പിന് കീഴിലുള്ള അനുഭവം എന്നിവയെക്കുറിച്ചെല്ലാം ഇവരുടെ ഓര്‍മ്മക്കുറിപ്പിലുണ്ടാവും.

മാനസികമായപരിമിതികള്‍ കാണിച്ച് ബ്രിട്നിയുടെ സാമ്പത്തിക കാര്യങ്ങളും ദൈനംദിനജീവിതവും നിയന്ത്രിക്കാനുള്ള കണ്‍സര്‍വേറ്റര്‍ഷിപ്പ്, കോടതിയില്‍നിന്ന് പിതാവ് ജാമി സ്പിയേഴ്സിനു ലഭിച്ചിരുന്നു. 14 വര്‍ഷത്തോളം തുടര്‍ന്ന കണ്‍സര്‍വേറ്റര്‍ഷിപ്പിനെതിരേ പോരാട്ടം ജയിച്ച് മാസങ്ങള്‍ക്കു ശേഷമാണ് പുസ്തകക്കരാര്‍ വരുന്നത്.