എന്റെ ഒരേയൊരു ഭാര്യ, ഇത് ഞാന്‍ നടത്തില്ല; ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ മൂന്നാം വിവാഹം അലങ്കോലമാക്കാന്‍ ശ്രമിച്ച ആദ്യഭര്‍ത്താവ് അറസ്റ്റില്‍; വീഡിയോ

അമേരിക്കന്‍ പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ മൂന്നാം വിവാഹ ചടങ്ങിനിടയില്‍ നാടകീയ രംഗങ്ങള്‍. കല്യാണത്തിന് ആദ്യഭര്‍ത്താവായ ജേസണ്‍ അലക്സാണ്ടറിന്റെ അപ്രതീക്ഷിത വരവാണ് കാര്യങ്ങളാകെ കുഴപ്പത്തിലാക്കിയത്.

സുരക്ഷയെ മറികടന്ന് വിവാഹവേദിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ഈ സമയം ഇന്‍സ്റ്റഗ്രാമിലൂടെ ജേസണ്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബ്രിട്ട്നി ക്ഷണിച്ചതുകൊണ്ടാണ് താന്‍ വിവാഹത്തിനെത്തിയതെന്നായിരുന്നു ജേസണിന്റെ വാദം.” അവള്‍ എന്റെ ഭാര്യയാണ്. എന്റെ ഒരേയൊരു ഭാര്യ. ഞാനവളുടെ ആദ്യ ഭര്‍ത്താവാണ്. ഞാന്‍ കല്യാണം മുടക്കാന്‍ വന്നതാണ്.’ എന്ന് വിളിച്ചുകൂവുകയും ചെയ്തു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു കേസിലാണ് ജേസണ്‍ അലക്സാണ്ടറെ വെഞ്ചുറ കൗണ്ടി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാല്യകാല സുഹൃത്തുക്കളായിരുന്ന ജേസണും ബ്രിട്ട്‌നിയും 2004ലാണ് വിവാഹിതരായത്. എന്നാല്‍ ഈ വിവാഹം കഴിഞ്ഞ് 55 മണിക്കൂറിനുള്ളില്‍ ബന്ധം വേര്‍പിരിഞ്ഞു.

പിന്നീടാണ് അമേരിക്കന്‍ ഗായകനായ കെവിന്‍ ഫെഡറലിനെ കല്യാണം കഴിക്കുന്നത്. ഈ ബന്ധത്തില്‍ 14ഉം 15ഉം പ്രായമുള്ള രണ്ട് മക്കളുമുണ്ട്. 2007 വിവാഹമോചിതരാവുകയും ചെയ്തു.