ഇത് ഓര്‍മ്മപ്പെടുത്തലാണ്, അസഹനീയമായ നഷ്ടം താങ്ങാനുള്ള ശക്തി സര്‍വ്വശക്തന്‍ നല്‍കട്ടെ: വിജയ് ആന്റണി

വിജയ് ആന്റണിയുടെ മകളുടെ വിയോഗത്തിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് തമിഴകം. വിജയ് ആന്റണിയെ ആശ്വസിപ്പിച്ച് സഹപ്രവര്‍ത്തകര്‍ രംഗത്തെത്തുമ്പോള്‍ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍രാജ. മാനസികാരോഗ്യത്തെ പരാമര്‍ശിച്ചു കൊണ്ടാണ് യുവന്റെ കുറിപ്പ്.

യുവന്‍ ശങ്കര്‍ രാജയുടെ കുറിപ്പ്:

വിജയ് ആന്റണിയുടെ മകളുടെ വേര്‍പാടില്‍ ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അഗാധമായി അസ്വസ്ഥനും ദുഃഖിതനുമാണ്. വിജയ് ഇപ്പോള്‍ അനുഭവിക്കുന്ന വേദന എന്താണെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഈ അസഹനീയമായ നഷ്ടം താങ്ങാനുള്ള ശക്തി സര്‍വ്വശക്തന്‍ കുടുംബത്തിന് നല്‍കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

മാനസികാരോഗ്യം എത്ര സൂക്ഷ്മതയുള്ളതാണ് എന്നതിന്റെ വളരെ വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണിത്, ജീവന്‍ വളരെ വിലപ്പെട്ടതാണ്, എന്നാല്‍ വളരെ ദുര്‍ബലവുമാണ്, നമ്മുടെ ദൈനംദിന ജീവിതത്തിലും നമ്മുടെ കുടുംബങ്ങളിലും സുഹൃദ് വലയങ്ങളിലും നിരവധി ആളുകള്‍ നിശബ്ദമായി മാനസികവും വൈകാരികവുമായ വേദനകള്‍ അനുഭവിക്കുന്നു.

ജീവിതം ആര്‍ക്ക് വേണമെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ കഠിനമായി മാറിയേക്കാം. അത് ഒരാളെ നിരാശയുടെ പാതയിലേക്ക് തള്ളിവിടാം, ആ ഇരുട്ട് പരന്ന നിമിഷത്തില്‍, അവര്‍ സ്‌നേഹത്തിനും പ്രതീക്ഷയ്ക്കും മനോഹരമായ ഭാവിക്കും അര്‍ഹരാണെന്നുള്ള കാര്യം അവര്‍ മറക്കുന്നു. ശക്തിയും ധൈര്യവും ധാരാളം വേണ്ട അത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ സഹായം സ്വീകരിക്കാനും ആരോടെങ്കിലുമൊക്കെ മനസുതുറക്കാനും ഞാന്‍ ആളുകളോട് പ്രത്യേകിച്ച് യുവതലമുറയോട് അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ വേദന മസിലാക്കി പിന്തുണ തേടാന്‍ അപാരമായ ധൈര്യം അത്യാവശ്യമാണ്. എന്റെ സങ്കട നിമിഷങ്ങളില്‍ ഈ ശക്തി കണ്ടെത്താന്‍ ഞാന്‍ പാടുപെട്ടു, പക്ഷേ നിങ്ങള്‍ക്ക് തുറന്നു പറയാന്‍ കഴിയുമെങ്കില്‍ മാത്രം കേള്‍ക്കാനും ഒപ്പം നില്‍ക്കാനും എണ്ണമറ്റ ആളുകള്‍ തയ്യാറാണ്.