കഴുത്തിറക്കമുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കാന്‍ പാടില്ല, എല്ലാ പെണ്‍കുട്ടികളും ശരീരം മറച്ചെത്തണം; സല്‍മാന്റെ സെറ്റിലെ നിയമങ്ങളെ കുറിച്ച് നടി

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ‘കിസി കാ ഭായി കിസി കി ജാന്‍’ ഏപ്രില്‍ 21 ന് തിയേറ്ററുകളിലെത്തുകയാണ്. നടി ശ്വേത തിവാരിയുടെ മകളായ പലക് തിവാരിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പലക് തിവാരി നല്‍കിയ ഒരു അഭിമുഖം ചര്‍ച്ചയാവുകയാണിപ്പോള്‍.

സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് 2021 ല്‍ പുറത്തിറങ്ങിയ അന്തിം; ദ ഫൈനല്‍ ട്രൂത്ത് എന്ന ചിത്രത്തില്‍ പാലക് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സല്‍മാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് ഇറക്കം കൂടിയ കഴുത്തുള്ള വസ്ത്രം ധരിക്കാന്‍ അനുവാദമില്ലെന്ന് വെളിപ്പെടുത്തുകയാണ് പലക്. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് സല്‍മാന് നിര്‍ബന്ധമുണ്ടെന്ന് പലക് കൂട്ടിച്ചേര്‍ത്തു.

”പലര്‍ക്കും ഇതെക്കുറിച്ച് അറിയുമെന്ന് തോന്നില്ല. സല്‍മാന്‍ ഖാന്റെ സെറ്റില്‍ സ്ത്രീകളുടെ വസ്ത്രത്തിന്റെ കഴുത്ത് ഇവിടെയായിരിക്കണം. തന്റെ സെറ്റിലെ എല്ലാപെണ്‍കുട്ടികളും ശരീരം മറച്ച് നല്ല പെണ്‍കുട്ടികളായിരിക്കണമെന്നാണ് സല്‍മാന്.

സെറ്റിലേക്ക് ഞാന്‍ ടീഷര്‍ട്ടും ജോഗറും ധരിച്ച് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മ ചോദിച്ചു, എവിടേക്കാണ് പോകുന്നത്? നന്നായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു അത് സല്‍മാന്‍ സാറിന്റെ സെറ്റിലെ നിയമമാണെന്ന്. വൗ, വളരെ നല്ലത് എന്നാണ് അമ്മ പറഞ്ഞത്. ”അതെന്താണ് അങ്ങനെ ഒരു നിയമം എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ പലക് ഇങ്ങനെ പറഞ്ഞു.

”അദ്ദേഹം പാരമ്പര്യത്തെ മുറുകിപ്പിടിക്കുന്ന വ്യക്തിയാണ്. ശരിയാണ് ആര്‍ക്ക് എന്ത് വേണമെങ്കിലും ധരിക്കാം. പക്ഷേ തന്റെ സെറ്റിലെ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ്. പ്രത്യേകിച്ച് അപരിചിതരായ പുരുഷന്‍മാരെ സെറ്റിലുണ്ടാകുമ്പോള്‍”- പലക് കൂട്ടിച്ചേര്‍ത്തു.