ഏഴ് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു, ഭാഗ്യംകെട്ട നായകനായി വിക്രമിനെ മുദ്രകുത്തി; അന്ന് സഹായിക്കാന്‍ ശ്രമിക്കാതെ പ്രശാന്ത്...

ഇന്ന് തമിഴ് സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നായകനാണ് വിക്രം എങ്കിലും, താരത്തിന്റെ തുടക്കകാലത്ത് സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ഒന്നിന് പുറകെ ഒന്നായി ഏഴ് സിനിമകള്‍ ഒന്നിച്ച് പരാജമായതോടെ വിക്രമിനെ ഭാഗ്യമില്ലാത്ത നടനായി മുദ്ര കുത്തപ്പെട്ടിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ‘സേതു’ ആണ് വിക്രമിന്റെ തലവര മാറ്റിയ ചിത്രം.

വിക്രമിന്റെ കഷ്ടകാലത്ത് തമിഴ് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കസിന്‍ ആയിരുന്ന പ്രശാന്ത്. വിക്രമിന്റെ അമ്മവാനാണ് പ്രശാന്തിന്റെ അച്ഛന്‍ ത്യാഗരാജന്‍. എന്നാല്‍ മരുമകനായ വിക്രമിനെ സിനിമയില്‍ സഹായിക്കാന്‍ ത്യാഗരാജന്‍ ശ്രമിച്ചിരുന്നില്ല. പ്രശാന്തും വിക്രമില്‍ നിന്നും അകലം പാലിച്ചു.

”വിക്രം അഭിനയിച്ച ഏഴ് സിനിമകള്‍ പരാജയപ്പെട്ടു. ഇതോടെ ഭാഗ്യംകെട്ട നടനായി വിക്രമിനെ മുദ്രകുത്തി. വിക്രമിനെ വച്ച് സിനിമയെടുത്താല്‍ നഷ്ടമാകും എന്ന് എല്ലാവരും പറഞ്ഞു. വിക്രമിനെ നായകനാക്കാന്‍ നിര്‍മ്മാതാക്കള്‍ അന്ന് മടിച്ചു. ഈ സമയത്താണ് വിക്രം സംവിധായകന്‍ ബാലയെ പരിചയപ്പെടുന്നത്.”

”അദ്ദേഹം വിക്രമിനെ നായകനാക്കി സേതു എന്ന സിനിമ ചെയ്തു. എന്നാല്‍ ചിത്രം വാങ്ങാന്‍ വിതരണക്കാര്‍ തയ്യാറായില്ല. ഒടുവില്‍ ചെറിയ തുകയ്ക്കാണ് സിനിമ നിര്‍മ്മാതാക്കള്‍ നല്‍കിയത്. അതിനാല്‍ അവര്‍ക്കും ലാഭമുണ്ടായില്ല. ഇതിനും കുറ്റം വിക്രമിനായിരുന്നു” എന്നാണ് മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്.

വിക്രം ഇന്നും സൂപ്പര്‍ താരമായി തുടരുകയാണ്. എന്നാല്‍ പ്രശാന്ത് ഇന്നും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിട്ടില്ല. അതേസമയം, ധ്രുവനച്ചിത്തരം ആണ് വിക്രമിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രം ഏഴ് വര്‍ഷത്തിന് ശേഷമാണ് റിലീസ് ചെയ്യുന്നത്.