കടപ്പാട് വെയ്ക്കാതെ കോഴിക്കോട് ജില്ലയുടെ മാപ് 'വൈറസി'ല്‍; സോഷ്യല്‍ മീഡിയയില്‍ മാപ്പു പറഞ്ഞ് റിമയും ആഷിക് അബുവും

കോഴിക്കോട് ജില്ലയുടെ മാപ് കടപ്പാട് വെയ്ക്കാതെ വൈറസ് സിനിമയിലുപയോഗിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ മാപ്പു പറഞ്ഞ് റിമയും ആഷിക് അബുവും. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും മാപ്പ് നിര്‍മ്മിച്ച ജൈസണ്‍ നെടുമ്പാലയോട് മാപ്പ് പറഞ്ഞത്.

കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നയാളാണ് ജൈസണ്‍ നെടുമ്പാല. അദ്ദേഹം നിര്‍മ്മിച്ച് വിക്കിമീഡിയ കോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ മാപ് വൈറസില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലൂടെയാണ് കാണിച്ചിരിക്കുന്നത്.

വിക്കിമീഡീയ കോമണ്‍സില്‍ നിന്ന് ലഭിച്ച ചിത്രം ഉപയോഗിച്ചാണ് മാപിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നിര്‍മ്മിച്ചതെന്നും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനെ കുറിച്ചുള്ള ധാരണക്കുറവ് മൂലവുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത് എന്നും റിമയും ആശിഖും പറഞ്ഞു. ജൈസണ്‍ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുകയും ആ ചിത്രത്തിനുള്ള ആട്രിബ്യൂഷന്‍ അദ്ദേഹത്തിനാണെന്ന് അറിയിക്കുകയും ചെയ്യുന്നു എന്ന് ഫേസ്ബുക്കില്‍ കുറിച്ചു.