'എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്'; 'കോബ്ര'യുടെ സെക്കന്‍ഡ് ലുക്ക് പുറത്ത്, ആകാംക്ഷയോടെ ആരാധകര്‍

“കോബ്ര”യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ അജയ് ജ്ഞാനമുത്തു. ഏറെ വ്യത്യസ്തമായ ലുക്കിലാണ് വിക്രം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “”എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്”” എന്ന ടാഗ് െൈലനും പോസ്റ്ററിലുണ്ട്.

വിക്രത്തിന്റെ മുഖത്തിന്റെ ഒരു ഭാഗം നമ്പറുകള്‍ വരുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ വൈറലാവുകയാണ്. സൂപ്പര്‍നാച്ചുറല്‍ ത്രില്ലര്‍ എന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ ഏഴ് വ്യത്യസ്ത രൂപങ്ങളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചനകള്‍. മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആണ് വിക്രത്തിന്റെ വില്ലനായി എത്തുന്നത്.

വളരെ സ്റ്റൈലിഷ് ആയ വില്ലനാണ് ഇര്‍ഫാന്‍ എന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയാണ് കോബ്ര. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തില്‍ നായിക. കെ.എസ് രവികുമാര്‍, മൃണാളിനി, കനിക, പദ്മപ്രിയ, ബാബു ആന്റണി എന്നിവരും കോബ്രയില്‍ വേഷമിടുന്നുണ്ട്.

7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ഛായാഗ്രഹണം ഹരീഷ് കണ്ണന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.