ഇരുപത് വർഷത്തിന് ശേഷം ആ വിജയ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്; ആഘോഷമാക്കാൻ ദളപതി ഫാൻസ്

വിജയ് എന്ന നടനിൽ നിന്നും സൂപ്പർ താരത്തിലേക്കുള്ള യാത്രയിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ച ചിത്രമാണ് ധരണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഗില്ലി’. പ്രകാശ് രാജ്, തൃഷ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റീ-റിലീസ് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് വിജയ് ആരാധകർ. ചിത്രത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചാണ് ഇപ്പോൾ റീ റീലീസ് നടത്തുന്നത്. 4k ക്വാളിറ്റിയിൽ റീമാസ്റ്റേഡ് വേർഷൻ ആണ് തിയേറ്ററുകളിൽ എത്തുക. റീ റിലീസ് പ്രമാണിച്ച് ചിത്രത്തിന്റെ പ്രത്യേക ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തമിഴിൽ വരും മാസങ്ങളിൽ വലിയ റിലീസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 20 നാണ് തിരഞ്ഞെടുത്ത സെന്ററുകളിൽ ചിത്രമെത്തുന്നത്.

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന ചിത്രത്തിലാണ് ഇപ്പോൾ വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ. ജി. എസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ദളപതി 68 നുണ്ട്.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചതും വാർത്തകളിലിടം നേടിയിരുന്നു.