'രജനി സാറിന് തുടര്‍ച്ചയായി ആറ് ഫ്‌ളോപ്പുകള്‍..'; വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശം വിവാദം

രജനികാന്തിന് തുടര്‍ച്ചയായി ആറ് ഫ്‌ളോപ്പുകള്‍ എന്ന നടന്‍ വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശം വിവാദമാകുന്നു. തന്റെ പുതിയ ചിത്രം ഖുഷിയുടെ പ്രമോഷന്‍ വേളയില്‍ രജനികാന്തിനേയും ചിരഞ്ജീവിയേയും കുറിച്ച് ദേവരകൊണ്ട നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമാകുന്നത്.

ഏതാനും പരാജയങ്ങള്‍ കൊണ്ട് തകരുന്നതല്ല സൂപ്പര്‍സ്റ്റാറുകളുടെ താരപദവി എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്. എന്നാല്‍, വിജയ് പറഞ്ഞ വാക്കുകള്‍ തെറ്റായി എടുത്താണ് ഇപ്പോള്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടക്കുന്നത്.

വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും അപ്പുറമാണ് സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് തുടങ്ങിയായിരുന്നു വിജയ്‌യുടെ പരാമര്‍ശം. ”രജനി സാറിന് തുടര്‍ച്ചയായി ആറ് പരാജയങ്ങള്‍ ഉണ്ടായാലും ജയിലര്‍ പോലെ 500 കോടി നേടിയ ചിത്രവുമായി തിരിച്ചുവരാം. നമ്മള്‍ മിണ്ടാതെ നോക്കിയിരുന്നാല്‍ മതി” എന്നായിരുന്നു വിജയ് പറഞ്ഞത്.

ചിരഞ്ജീവിയെ കുറിച്ചും സമാനമായ പരാമര്‍ശമായിരുന്നു വിജയ് നടത്തിയത്. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടാലും മികച്ച സംവിധായകനെ ലഭിച്ചാല്‍ സംസ്‌കൃതി പോലൊരു ചിത്രവുമായി അദ്ദേഹത്തിന് വമ്പന്‍ തിരിച്ചു വരവ് നടത്താം. തെലുങ്ക് സിനിമാ ലോകത്തെ മാറ്റിയ സംവിധായകനാണ് ചിരഞ്ജീവി എന്നായിരുന്നു താരം പറഞ്ഞത്.

എന്നാല്‍ രജനിയെ കുറിച്ചുള്ള വിജയിയുടെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് കൃത്യമായി മനസ്സിലായിട്ടില്ല എന്നു വേണം കരുതാന്‍. രജനികാന്ത് തുടര്‍ച്ചയായി ആറ് പരാജയങ്ങള്‍ നേരിട്ടു എന്ന് വിജയ് പറഞ്ഞതായാണ് ആരാധകര്‍ മനസിലാക്കിയത്.