നഷ്ടമായ കരുത്ത് പല്ലവിയിലൂടെ തിരികെ കിട്ടിയെന്ന് പാര്‍വതി, ധൈര്യം പകര്‍ന്നുനല്‍കിയ ചിത്രമെന്ന് ആസിഫ് അലി; 'ഉയരെ'യ്ക്ക് നൂറുദിനത്തിന്റെ വിജയത്തിളക്കം

പ്രതിസന്ധികള്‍ തരണം ചെയ്ത് സിനിമയിലേക്കുള്ള പാര്‍വതിയുടെ ഗംഭീര മടങ്ങി വരവായിരുന്നു ഉയരെ എന്ന ചിത്രം. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കിയ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച ആ ചിത്രത്തിന്റെ നൂറാം ദിനം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചു. കൊച്ചിയിലെ ഐഎംഎ ഹാളിലായിരുന്നു ചിത്രത്തിന്റെ വിജയാഘോഷം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം താരങ്ങളായ പാര്‍വതിയും ആസിഫ് അലിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

തന്റെ ജീവിതത്തില്‍ പല്ലവി കൃത്യസമയത്ത് വന്നു ചേര്‍ന്ന കഥാപാത്രമാണ് പല്ലവി എന്ന് ചടങ്ങില്‍ പാര്‍വതി പറഞ്ഞു. നഷ്ടപ്പെട്ടെന്നും കരുതിയ തന്റെ കരുത്ത് പല്ലവിയിലൂടെ വീണ്ടും കിട്ടിയെന്നും താരംമ കൂട്ടിച്ചേര്‍ത്തു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് ധൈര്യം നല്‍കിയ ചിത്രമായിരുന്നു ഉയരെ എന്ന് ആസിഫ് അലിയും പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകന്‍, തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്, ചിത്രത്തിലെ അഭിനേതാക്കളായ പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി, നാസര്‍ ലത്തീഫ്, സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.