തൃഷ കേരളത്തിന്റെ മരുമകള്‍ ആവുന്നു? വരന്‍ പ്രമുഖ നിര്‍മ്മാതാവ്

നടി തൃഷ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ നിന്നുള്ള പ്രമുഖ സിനിമാ നിര്‍മാതാവാണ് വരന്‍ എന്ന വാര്‍ത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ നടിയോ നടിയുമായ ബന്ധപ്പെട്ട വൃത്തങ്ങളോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

തൃഷയുടെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും വരനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. താന്‍ സന്തോഷവതിയായ അവിവാഹിതയാണെന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തൃഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഉദ്ദേശിച്ച സമയത്ത് അത് സംഭവിക്കുമെന്നും തിരക്കില്ലെന്നും നടി പറഞ്ഞിരുന്നു. ഉത്തരവാദിത്തത്തിന്റെ പേരില്‍ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും അങ്ങനെയാണെങ്കില്‍ പിന്നീട് വിവാഹമോചനം നേടുമെന്നും തൃഷ വ്യക്തമാക്കിയിരുന്നു.

2015ല്‍ ബിസിനസുകാരനായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ മൂന്നു മാസത്തിന് ശേഷം വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിനു പിന്നാലെ വരുണ്‍ നിര്‍മിക്കുന്ന ചിത്രവും തൃഷ ഉപേക്ഷിച്ചിരുന്നു.

2020ല്‍ നടി ചിമ്പുവുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ചിമ്പുവിന്റെ മാതാപിതാക്കള്‍ ഈ വാര്‍ത്ത തള്ളിയിരുന്നു. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ പുതിയ ചിത്രം.