കളക്ഷനില്‍ ഇടിവോ? തിയേറ്റര്‍ വിട്ടിട്ടില്ല, അതിന് മുമ്പേ ഒടിടിയിലേക്ക്; 'തുടരും' സ്ട്രീമിങ് ഈ മാസം തന്നെ

റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ഇതിനിടെ സിനിമയുടെ ഒടിടി റിലീസ് തീയതിയും പുറത്ത് വന്നിരിക്കുകയാണ്. ഈ മാസം 30 മുതലാണ് തുടരും ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും.

വലിയ തുകയ്ക്കാണ് ചിത്രം വിറ്റുപോയത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തിയ തുടരും ആഗോളതലത്തില്‍ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷന്‍. കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തുടരും.

ശോഭന നായികയായി എത്തിയ ചിത്രത്തില്‍ വിന്റേജ് ലാലേട്ടനെ കാണാന്‍ കഴിഞ്ഞു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Read more

കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം ഷാജികുമാര്‍, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ് വി.ബി, സംഘട്ടനം സ്റ്റണ്ട് സില്‍വ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്.