ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് എങ്ങനെ ആയിരിക്കും? ഇതിന് ഒരു ഉത്തരമാണ് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന റീൽ. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പുരുഷന്മാരുടെ അഭിപ്രായം തേടണം എന്ന പരിഹാസ റീലാണ് സുപ്രിയ മേനോൻ പങ്കുവെച്ചിരിക്കുന്നത്. ‘ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെയായിരിക്കും’ എന്ന തലക്കെട്ടിലാണ് ഇൻസ്റ്റാഗ്രാമിൽ റീൽ പങ്കുവച്ചിരിക്കുന്നത്. അഫ്രീന അഷ്റഫ് എന്ന പെൺകുട്ടിയാണ് രസകരമായ ഈ റീൽ വിഡിയോയ്ക്കു പിന്നിൽ. ചില സെലിബ്രിറ്റികളുടെ യാഥാസ്‌ഥിതിക ചിന്താഗതികളെ ഹാസ്യാത്മകമായി വിമർശിക്കുന്നതാണ് റീലിൻ്റെ ഉള്ളടക്കം.
സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിൽ പുരുഷാധിപത്യപരമായ ചിന്താഗതികൾ അടിച്ചേൽപ്പിക്കപ്പെടുന്നതിനെക്കുറിച്ചും വിമർശനം ഉയർത്തുന്ന വിഡിയോയാണ് സുപ്രിയ മേനോൻ പങ്കുവച്ചത്. നടി ജുവൽ മേരി ഉൾപ്പെടെയുള്ള താരങ്ങളും വിഡിയോയ്ക്ക് അഭിനന്ദനവുമായെത്തിയിട്ടുണ്ട്. ചില നടിമാരെ പേരെടുത്ത് പറഞ്ഞുകൊണ്ട്, ഈ റീൽ വിഡിയോയിൽ പരാമർശിക്കുന്നത് അവരെയാണോ എന്നും മറ്റുമുള്ള ചർച്ചകളും കമന്റ് ബോക്സുകളിൽ നടക്കുന്നുണ്ട്.
‘നമ്മുടെ വസ്ത്രധാരണം കൊണ്ട് മറ്റുള്ള ആൾക്കാർ നമ്മളെ കമന്റടിക്കുന്നത് നമ്മുടെയും കൂടി കുറ്റമാണ്. കാരണം അവർ നമ്മളെ ആണല്ലോ പറയുന്നത്. സ്ത്രീയുടെ സ്വാതന്ത്യം അത് പുരുഷന്റെയും കൂടിയാണ്. സ്ത്രീയില്ലാതെ പുരുഷൻ ഇല്ലല്ലോ. കാരണം സ്ത്രീയിൽ നിന്നാണല്ലോ പുരുഷൻ വന്നത്. നമ്മുടെ വീട്ടിലൊക്കെ അമ്മൂമ്മ കർട്ടൻ ആണ് ഉടുക്കുന്നത് സാരിയൊക്കെ നിർത്തി. സാരി ഭയങ്കര ഷോ ആണ്, അമ്മുമ്മ ആണെങ്കിലും അത് ശ്രദ്ധിക്കണം. മോശം പറയുന്ന ആൾക്കാരുടെ കുറ്റമല്ല, മോശം പറയിപ്പിക്കുന്നതാണ് തെറ്റ്. ഇത്രയും ഒരു മോശം ഞാൻ കണ്ടിട്ടില്ല.
ഞാൻ ബിക്കിനി ഒക്കെ ഇട്ടാൽ ആൾക്കാർ പറയും, അത് അവരുടെ സ്വാതന്ത്ര്യമാണ്. സ്ത്രീകൾ എന്ത് ധരിക്കണം എന്നുള്ളത് സ്ത്രീകൾ അല്ല തീരുമാനിക്കുന്നത് പുരുഷന്മാരാണ് കാരണം അവർ ആണ് അത് കാണുന്നത്. പുരുഷൻമാർ കൂടി തീരുമാനിച്ചൊരു ഡ്രസ്സ് നമ്മൾ ധരിച്ചാൽ നമുക്ക് അത്ര പ്രശ്‌നം ഉണ്ടാകില്ല. എനിക്ക് അങ്ങനെ ആണ് തോന്നുന്നത്. ആൾക്കാർ ചെയ്യുന്ന കാര്യത്തിൽ ഒക്കെ ഇടപെട്ടു എന്തെങ്കിലും പറയാതെ എനിക്കും എൻ്റെ വീട്ടുകാർക്കും സമാധാനമില്ല. നമ്മൾ എന്ത് ധരിക്കണം എന്ന് വീട്ടിലുള്ള പുരുഷന്മാരോട് ചോദിക്കുക. അച്‌ഛനോടോ ആങ്ങളമാരോടോ ഭർത്താവിനോടോ ചോദിക്കുക കാരണം പുരുഷന്മാരെ പുരുഷന്മാർക്ക് അറിയാം, അപ്പൊ അവരുടെ ഇഷ്‌ടത്തിന് വസ്ത്രം ധരിച്ചാൽ അത കുഴപ്പമില്ല.’- എന്നാണ് അഫ്രീന വിഡിയോയിൽ പറയുന്നത്.







