'തങ്കലാൻ 2' വരുന്നു; പ്രഖ്യാപനവുമായി വിക്രം

തെന്നിന്ത്യൻ സെൻസേഷൻ പാ രഞ്ജിത്ത്- ചിയാൻ വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘തങ്കലാൻ’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷനായി 24.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിക്രം. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന താങ്ക് യു മീറ്റിനിടെയാണ് വിക്രം തങ്കലാൻ 2 പ്രഖ്യാപിച്ചത്.

“പാ രഞ്ജിത്ത് എന്നോട് ഇവിടെവച്ച് ഒരു കാര്യം പറയാന്‍ ആവശ്യപ്പെട്ടുണ്ട്. ജ്ഞാനവേലുവുമായും രഞ്ജിത്തുമായും ചർച്ച ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകാതെ നിങ്ങളിലെത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് ഇഷ്ടമുള്ളതു കൊണ്ടു മാത്രമല്ല നിങ്ങളിൽ നിന്നു ലഭിച്ച സ്നേഹവും അതിന് കാരണമാണ്.” വിക്രം പറയുന്നു. പ്രഖ്യാപനത്തിന് പിന്നാലെ വലിയ ആവേശത്തിലാണ് ആരാധകർ.

അതേസമയം പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്. ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.