'പൃഥ്വിരാജിനും ആഷിഖ് അബുവിനും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിക്കുന്നു'; വിമര്‍ശിച്ച് ടി സിദ്ദിഖ്

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്നും പിന്‍മാറിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖ്. പൃഥ്വിരാജിനും ആഷിഖിനും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ടി സിദ്ദിഖ് പറയുന്നത്.

”വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാമെന്നും. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദേശിക്കുന്നു” എന്നാണ് സിദ്ദിഖ് കുറിച്ചിരിക്കുന്നത്.

നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. 2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍.