കുടുക്ക് ലൊക്കേഷനില്‍ പാട്ടും ഡാന്‍സുമായി സ്വാസിക; വീഡിയോ പങ്കുവെച്ച് ബിലഹരി

“അള്ള് രാമേന്ദ്രന്” ശേഷം സംവിധായകന്‍ ബിലഹരി ഒരുക്കുന്ന ചിത്രമാണ് “കുടുക്ക് 2025”. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സെറ്റില്‍ പാട്ടു പാടി ഡാന്‍സ് ചെയ്യുന്ന സ്വാസികയുടെ വീഡിയോയാണ് വൈറലാകുന്നത്.

ഏറ്റവും സന്തോഷം നിറഞ്ഞ ലൊക്കേഷനാണ് കുടുക്ക് എന്ന് പാടി റാപ്പ് മോഡലില്‍ വരുന്ന സ്വാസികയെയാണ് വീഡിയോയില്‍ കാണുന്നത്. കൂടെയുള്ളവരും നടിയും പൊട്ടിച്ചിരിക്കുന്നുമുണ്ട്. ചിത്രത്തില്‍ ജ്വാല എന്ന കഥാപാത്രമായാണ് സ്വാസിക വേഷമിടുന്നത്. കൃഷ്ണ ശങ്കര്‍ ആണ് കുടുക്കില്‍ നായകനാവുന്നത്.

മാരന്‍ എന്ന കഥാപാത്രമായി വേഷമിടുന്ന കൃഷ്ണ ശങ്കറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇതുവരെ കാണാത്ത വ്യത്യസ്ത മേക്കോവറിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോവിഡ് നിയന്ത്രണങ്ങളോടെ നവംബറില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്.