മൂക്കുത്തി അമ്മന്‍ 2 വിന്റെ ചിത്രീകരണ വേളയില്‍ നയന്‍താരയുമൊത്ത് തര്‍ക്കങ്ങള്‍ സംഭവിച്ചതായുളള വാര്‍ത്തകളില്‍ വിശദീകരണവുമായി സംവിധായകന്‍ സുന്ദര്‍ സി. ഇതെല്ലാം തെറ്റായ വാര്‍ത്തകളാണെന്നും എവിടെ നിന്നാണ് ഇതെല്ലാം വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് ചില തര്‍ക്കങ്ങള്‍ കാരണം മൂക്കുത്തി അമ്മന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സിനിമയിലെ വേഷത്തെചൊല്ലി നയന്‍താരയും സഹസംവിധായകനും തമ്മില്‍ സെറ്റില്‍ തര്‍ക്കമുണ്ടായെന്നും സുന്ദര്‍ സിയുടെ അസിസ്റ്റന്റിനെ നടി ശാസിച്ചെന്നുമായിരുന്നു ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
ഈ സംഭവത്തില്‍ ഇടപെട്ട് സംവിധായകനായ സുന്ദര്‍ സി ഷൂട്ട് നിര്‍ത്തിവച്ചുവെന്നും വാര്‍ത്തകള്‍ വന്നു. ഇതിനെതിരെ സുന്ദര്‍ സിയുടെ ഭാര്യയും നടിയുമായ ഖുശ്ബുവും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നയന്‍താര വളരെ അര്‍പ്പണ മനോഭാവമുളള നടിയാണെന്ന് തുറന്നുപറയുകയാണ് സുന്ദര്‍ സി. ഷൂട്ടിങ്ങ് ഇടവേളകളില്‍ കാരവനില്‍ പോലും പോകാതെ ലൊക്കേഷനില്‍ തന്നെ സമയം ചെലവഴിക്കുന്ന നടിയാണ് അവരെന്നും സംവിധായകന്‍ പറഞ്ഞു.
“പ്ലാന്‍ ചെയ്തത് പോലെ സിനിമയുടെ ചിത്രീകരണം മുന്നോട്ടുപോവുകയാണ്. ഡെഡിക്കേറ്റഡ് ആയിട്ടുളള നടിയാണ് നയന്‍താര. ഷൂട്ടിങ്ങിനിടയില്‍ ബ്രേക്ക് വന്നാല്‍ കാരവാനിലേക്ക് പോയ്ക്കാളൂ എന്ന് പറഞ്ഞാല്‍ ‘വേണ്ട സര്‍ ഞാന്‍ ഇവിടെ നിന്നോളാം’ എന്നായിരിക്കും നയന്‍താരയുടെ മറുപടി. രാവിലെ വന്നാല്‍ പാക്കപ്പ് പറയുന്നത് വരെ ലൊക്കേഷനില്‍ നിന്ന് പോകില്ല, സുന്ദര്‍ സി പറഞ്ഞു.