മനസിലായോ മോനേ.., വര്‍മനെയും ദേവയെയും ഒന്നിപ്പിച്ച് പ്രമുഖ നിര്‍മ്മാതാക്കള്‍; വരാന്‍ പോകുന്നത് 'ജയലിര്‍ 2'വോ 'അയാന്‍ 2'വോ? ചര്‍ച്ചയാക്കി പ്രേക്ഷകര്‍

‘മനസിലായോ സാറേ..’ എന്ന ഡയലോഗ് പറഞ്ഞ് എത്തി വിനായകന്‍ നേടിയ റീച്ച് ചില്ലറയൊന്നുമല്ല. തമിഴകം മാത്രമല്ല, 2023ല്‍ ഇന്ത്യന്‍ സിനിമ ഒന്നാകെ ആഘോഷിച്ചൊരു വില്ലന്‍ കഥാപാത്രമാണ് ‘ജയിലര്‍’ സിനിമയിലെ വിനായകന്റെ ‘വര്‍മന്‍’ എന്ന കഥാപാത്രം. നായകന്‍ ശക്തനായി പ്രേക്ഷകര്‍ക്ക് തോന്നണമെങ്കില്‍ വില്ലന്റെ കഥാപാത്ര നിര്‍മിതിയും ഗംഭീരമായിരിക്കണം. വര്‍മന്‍ എന്ന വേഷത്തില്‍ വിനായകന്‍ എത്തിയപ്പോള്‍ തിയേറ്ററുകളില്‍ വിസലടികള്‍ ഉയര്‍ന്നിരുന്നു. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് വര്‍മന്‍. മലയാളിയായ വര്‍മനും രജനികാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് ജയിലര്‍ സിനിമയില്‍ ഉടനീളം. വര്‍മന്‍ ഇടയ്ക്കിടെ പറയുന്ന ‘മനസിലായോ?’ എന്ന ഡയലോഗും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

‘ജയിലര്‍ 2’ വരികയാണെങ്കില്‍ വിനായകന്‍ ഉണ്ടാവില്ല എന്ന നിരാശയില്‍ ആയിരുന്നു സിനിമാപ്രേമികള്‍. ക്രൗണ്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കുന്ന ഗ്യാങ്ങിന്റെ ലീഡര്‍ ആയി എത്തുന്ന വര്‍മന്‍ സിനിമയില്‍ മരിക്കുന്നുണ്ട്. എന്നാല്‍ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് പങ്കുവച്ചൊരു പോസ്റ്റ് സിനിമാ പ്രേക്ഷകരെ ആകെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

‘what if ? varman recruits deva to smuggle the crown ?’ എന്ന് ക്യാപ്ഷനോടെയുള്ള പോസ്റ്റര്‍ ആണ് സണ്‍ പിക്‌ചേഴ്‌സ് ഷെയ്ര്‍ ചെയ്തിരിക്കുന്നത്. ഒപ്പം ജയിലറിലെ വര്‍മന്റെയും ‘അയന്‍’ സിനിമയിലെ സൂര്യ കഥാപാത്രം ദേവയുടെ ലുക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ജയിലര്‍ 2 ആണോ അതോ അയന്‍ 2 ആണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ജയിലര്‍ 2വില്‍ സൂര്യ ഉണ്ടാകും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അല്ലെങ്കില്‍ അയന്‍ 2വില്‍ വിനായകന്‍ ഉണ്ടാകുമെന്നും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്തായാലും വെറുതെ ഇങ്ങനൊരു പോസ്റ്റ് പുറത്തുവിടില്ലെന്നും എന്തോ വലുത് വരാനിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ചയാക്കുന്നത്.


2009ല്‍ കെ.വി ആനന്ദ് സംവിധാനം ചെയ്ത് റിലീസ് ചെയ്ത ചിത്രമാണ് അയന്‍. ചിത്രത്തില്‍ സ്മഗ്ഗളര്‍ ആയാണ് നടന്‍ വേഷമിട്ടത്. സൂര്യയുടെ കരിയറിലെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് അയാന്‍. സൂര്യയ്ക്ക് ഒപ്പം ജഗന്‍, തമന്ന, പ്രഭു എന്നിവരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അയാന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തുടര്‍ച്ചകളോട് താല്‍പര്യമില്ല എന്നായിരുന്നു കെ.വി ആനന്ദ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ തമിഴകത്തെ പ്രമുഖ നിര്‍മ്മാണ കമ്പനി പുറത്തിറക്കിയതിനാല്‍ പുതിയൊരു ഗംഭീര സിനിമയ്ക്കായാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ജയിലറും അയാനും ഒരു സിനിമാറ്റിക് യൂണിവേഴ്‌സില്‍ പെടുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

അതേസമയം, അടുത്തിടെയായി സൂര്യ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത് റോളക്‌സ് എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. ലോകേഷ് കനകരാജിന്റെ ‘വിക്രം’ സിനിമയില്‍ കാമിയോ റോളിലാണ് സൂര്യയുടെ റോളക്‌സ് എത്തിയത്. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയ്യടികള്‍ നേടിയതും ഈ കഥാപാത്രത്തിന് ആയിരുന്നു. ക്രൂരനായ വില്ലനായാണ് സൂര്യ ചിത്രത്തില്‍ വേഷമിട്ടത്. നിലവില്‍ ‘കങ്കുവ’ ആണ് സൂര്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലെ കഥയാണ് കങ്കുവ പറയുന്നത്.

ഈ സിനിമയില്‍ ഒരു യോദ്ധാവായാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. ശിവയുടെ സംവിധാനത്തില്‍ എത്തുന്ന പിരിയോഡിക് ത്രീഡി ചിത്രമാണിത്. കങ്കുവാ എന്ന ഗോത്രസമൂഹത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 11ന് ആണ് തിയേറ്ററുകളില്‍ എത്തുക. ബോബി ഡിയോള്‍ ആണ് ഈ സിനിമയില്‍ വില്ലനായി എത്തുന്നത്. താരത്തിന്റെ ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ‘മറക്കാനാകാത്ത മുഖം, ക്രൂരനും, ശക്തനുമായ ഞങ്ങളുടെ യുധിരന്‍. ജന്മദിനാശംസകള്‍ ബോബി ഡിയോള്‍ സാര്‍’ എന്ന കുറിപ്പോടെ ആയിരുന്നു പോസ്റ്റര്‍ എത്തിയത്.