നടന്‍ അജിത് എന്തു ചെയ്തുവെന്ന് സംസാരിക്കേണ്ടതില്ല, ഈ വലിയ നഷ്ടത്തില്‍ നിന്നും കരകയറാന്‍ അവസരം തരൂ: എസ്.പി ചരണ്‍ പറയുന്നു

എസ്.പി ബാലസുബ്രമണ്യത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ തമിഴ് നടന്‍ അജിത് പങ്കെടുത്തില്ല എന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എസ്പിബിയുടെ മകന്‍ എസ്.പി ചരണ്‍. എസ്പിബിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രചരിക്കുന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ചരണിന്റെ മറുപടി.

അജിത് കാണാന്‍ വന്നോ, വിളിച്ചോ, അനുശോചനങ്ങള്‍ അറിയിച്ചോ എന്നായിരുന്നു ചോദ്യങ്ങള്‍. അജിത് വിളിച്ചിട്ടുണ്ടോ അല്ലെങ്കില്‍ സന്ദര്‍ശനം നടത്തിയോ എന്നതല്ല പ്രശ്‌നം അച്ഛനെ നഷ്ടപ്പെട്ടു എന്നതാണ്. പിതാവിന്റെ ആരാധകര്‍ക്ക് അവരുടെ പ്രിയ ഗായകനെ നഷ്ടമായി. അജിത് എന്തു ചെയ്തുവെന്ന് സംസാരിക്കേണ്ടതില്ല.

ഈ വലിയ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ക്ക് കുറച്ച് അവസരം നല്‍കുക എന്നാണ് ചരണ്‍ പറയുന്നത്. നടന്‍ അജിത്തിന്റെ സിനിമാ അരങ്ങേറ്റത്തില്‍ എസ്പിബി വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചരണും അജിത്തും സുഹൃത്തുക്കളായിരുന്നു.

ഒരു പരസ്യത്തില്‍ അഭിനയിക്കാനായി മകന്റെ ഷര്‍ട്ട് ചോദിച്ചു വന്ന പയ്യനെ അന്നാണ് ശ്രദ്ധിച്ചത്. പ്രേമപുസ്തകം എന്ന തെലുങ്ക് സിനിമയില്‍ പുതുമുഖത്തെ ആവശ്യം വന്നപ്പോള്‍ അജിത്തിന്റെ പേര് പറഞ്ഞുവെന്നും ഉടന്‍ തന്നെ അജിത്തിനെ വിളിച്ചു വരുത്തുകയും ചെയ്തു എന്നും എസ്പിബി പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു എസ്പിബിയുടെ അന്ത്യം. ഓഗസ്റ്റ് 5-ന് ആണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എസ്പിബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായി തിരിച്ചുവരവിന്റെ പാതയിലായിരുന്നുവെങ്കിലും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.